മെട്രോ നയം:ലൈറ്റ് മെട്രോ പദ്ധതി രൂപരേഖ പുതുക്കാൻ കേന്ദ്ര നിർദേശംകോഴിക്കോട്:കേന്ദ്ര സർക്കാറിന്റെ പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, തിരുവനന്തപുരം പദ്ധതികളുടെ രൂപരേഖ പുതുക്കാൻ നിർദേശം. ലൈറ്റ് മെട്രോ പദ്ധതികൾക്കായി നിർമിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സർക്കാരിന് വരുമാന വർധനവിനുള്ള മാർഗങ്ങളും സ്വകാര്യ പങ്കാളിത്തത്തിനുള്ള സാധ്യതകളും ഉൾപെടുത്തി രൂപരേഖ പുതുക്കാനാണ് നിർദ്ദേശം. രൂപരേഖ തയ്യാറാക്കിയ DMRC-യെ തന്നെ ഈ ചുമതല ഏൽപ്പിക്കാനാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന പുതിയ മെട്രോ നയവുമായി ബന്ധപ്പെട്ട യോഗത്തിലാണ് കേന്ദ്ര സർക്കാർ പുതിയ നിർദേശം നൽകിയത്. പുതിയ മെട്രോകൾ നിർമിക്കുമ്പോൾ സർക്കാറിന്റെ വരുമാന വർധനവിനുള്ള മാർഗങ്ങൾ കൂടി തേടണമെന്നാണ് പുതിയ മെട്രോ നയത്തിൽ നിർദേശിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി മെട്രോയ്ക്കൊപ്പം മറ്റ് ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കണം.