ULCCS വിദ്യാഭ്യാസമേഖലയിലേക്ക്: 1000 കോടി രൂപ മുതൽമുടക്കുന്നു



കോഴിക്കോട്: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപ മുതല്‍ മുടക്കുന്ന വന്‍കിട പ്രോജക്ടുമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാഭ്യാസമേഖലയിലേക്ക് കടക്കുന്നു.
ഈ തൊഴിലാളി സൊസൈറ്റി 1925ല്‍ വാഗ്ഭടാനന്ദന്‍ സ്ഥാപിച്ചതാണ്. റോഡ് നിര്‍മ്മാണത്തില്‍ തുടങ്ങി ഇന്ന് ഐ.ടി പാര്‍ക്ക് വരെയെത്തി നില്‍ക്കുന്നു.ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സൊസൈറ്റി.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ വന്‍മാറ്റമുണ്ടാക്കുന്ന നിരവധി പുതിയ പ്രോഗ്രാമുകളാണ് യു.എല്‍ എജ്യൂക്കേഷന്‍ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ട് വഴി ലക്ഷ്യമിടുന്നത്. നാഷണല്‍ സ്‌കില്‍ പാര്‍ക്ക് മുതല്‍ എന്‍ട്രന്‍സ് പരിശീലനകേന്ദ്രം വരെ നീളുന്ന ഒരു ഡസനോളം സ്ഥാപനങ്ങള്‍ ഇതിനു കീഴില്‍ സജ്ജമാക്കും. പ്രമുഖ വിദേശ സര്‍വകലാശാലകളും യു.എല്‍ എജ്യൂക്കേഷനുമായി സഹകരിക്കും. നാഷണല്‍ സ്‌കില്‍ യൂണിവേഴ്‌സിറ്റി എന്ന ഒരു ലക്ഷ്യവും യു.എല്‍ എജ്യൂക്കേഷനുണ്ട്.

യു.എല്‍ ഗ്ലോബല്‍ സ്‌കൂള്‍:കോഴിക്കോട്ടെ പെരുമണ്ണയിലാണ് 45 ഏക്കര്‍ സ്ഥലത്താണ് സ്ഥാപിക്കുന്നത്. ഇതിനു പുറമെ യു.എല്‍ സ്മാര്‍ട്ട്, യു.എല്‍ സ്‌കോളര്‍, യു.എല്‍ എന്‍വയണ്‍മെന്റ്, യു.എല്‍ മീഡിയ എന്നിങ്ങനെ നാലു പ്രോജക്ടുകള്‍ വേറെയും. നിലവിലുള്ള സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കുന്ന യു.എല്‍ സ്മാര്‍ട്ടിന് ബ്രിട്ടീഷ് കൗണ്‍സിലുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു.

ഇതിന്റെ തുടക്കം ഒക്ടോബര്‍ ആദ്യവാരം മടപ്പള്ളിയില്‍ ആരംഭിക്കും.
മികച്ച കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് പോലുള്ള സഹായങ്ങളും നല്‍കും. വിദേശ വിദ്യാഭ്യാസത്തിനുള്ള ഏകജാലക സംവിധാനമാണ് മറ്റൊന്ന്. ഇതില്‍ ഐ.ഇ.എല്‍.ടി.എസ്, ജി.ആര്‍.ഇ പോലുള്ള എല്ലാ കാര്യങ്ങള്‍ക്കും സഹായം നല്‍കും.

വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് മുതല്‍ മുടക്കുന്നതിങ്ങനെ



  • നാഷണല്‍ സ്‌കില്‍ പാര്‍ക്ക് 100 കോടി
  • ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 150 കോടി
  •  ആഡ് ഓണ്‍ കോഴ്‌സുകള്‍ 100 കോടി
  • സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സ് 50 കോടി
  • എന്‍ട്രന്‍സ് പരിശീലന കേന്ദ്രം 100 കോടി
  • നെതര്‍ലാന്‍ഡ് വിദ്യാഭ്യാസ പദ്ധതി 18 കോടി
  • സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതി 50 കോടി
  • കരിയര്‍ ക്‌ളിനിക് 50 കോടി


"ബിരുദധാരികളായ തൊഴില്‍രഹിതര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പരമ്പരാഗത ബിരുദങ്ങള്‍ പിന്തുടരുന്നതും സോഫ്റ്റ് സ്‌കില്‍, ഇംഗ്‌ളീഷ് കമ്യൂണിക്കേഷന്‍ എന്നിവയിലെ പോരായ്മയുമാണ് നമ്മുടെ പ്രധാനപ്രശ്‌നം. നാഷണല്‍ സ്‌കില്‍ പാര്‍ക്ക് എന്ന ആശയം തന്നെ ഈ പ്രശ്‌നം പരിഹരിക്കാനുള്ളതാണ്." -ഡോ. ടി.പി. സേതുമാധവന്‍, യു.എല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍