ബൈപാസ് ഭൂമി സർവേ തട‍ഞ്ഞവരെ അറസ്റ്റ് ചെയ്തു

നന്തി–ചെങ്ങോട്ടുകാവ് ബൈപാസ് പദ്ധതിക്ക് സർവേ നടത്തി സർവേക്കല്ല് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ




കോഴിക്കോട്: നന്തി–ചെങ്ങോട്ടുകാവ് ബൈപാസ് റോഡിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥ സംഘ ത്തെ തടഞ്ഞ ബൈപാസ് വിരുദ്ധ കർമസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ചെങ്ങോട്ടുകാവിൽ സർവേയുമായി ബന്ധപ്പെട്ട് എത്തിയ എൽഎ ഡെപ്യൂട്ടി കലക്ടർ വി.ആർ. മോഹനൻപിള്ളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ കർമസമിതി പ്രവർത്തകർ തടയുകയായിരുന്നു.

തുടർന്ന് പൊലീസ്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വിട്ടയച്ചു. കർമ സമിതി ഭാരവാഹികളായ രാമദാസ് തൈക്കണ്ടി, പി.വി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. തഹസിൽദാർ എം. റംല, ഡിവൈഎസ്പി ടി.പി. പ്രേമരാജൻ, എസ്ഐമാരായ സുമിത്കുമാർ, ബാബു രാജൻ, അശോകൻ ചാലിൽ, രവീന്ദ്രൻ കൊമ്പിലാടി എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിച്ചു.

നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ 11 കിലോമീറ്റർ ഭൂമിയാണ് 45 മീറ്റർവരുന്ന ബൈപാസ് റോഡിനായി ഏറ്റെടുക്കുന്നത്. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം വന്നതോടെ നിർദിഷ്ട ഭൂമിയിൽ പ്രവേശിക്കാനും സർവേ നടത്താനും നിയമപരമായി ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെന്നും ഇത് തടഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെ കർശന നടപടി എടുക്കാന്‍ സർക്കാർ നിർദേശമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം 2000 കുടുംബങ്ങളെ വഴിയാധാരമാക്കുകയും ഒട്ടേറെ കുന്നുകളും ഏക്കർ കണക്കിനു നെൽവയലുകളും കാവുകളും ജലാശയങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ബൈപാസ് റോഡ് നിർമാണം സർക്കാർ ഉപേക്ഷിക്കണമെന്നാണ് കർമസമിതി ആവശ്യപ്പെടുന്നത്.