തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒടുവിൽ കിട്ടിയ വിവരം അനുസരിച്ച് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിങ്. 77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. അവസാന മണിക്കൂറുകളിൽ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു.
കോഴിക്കോടിനു പിന്നാലെ കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലും കൂടുതൽ പോളിങ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കൾ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.
ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർഥിമാരില്ലാത്തതിനാൽ ബിജെപി വോട്ടുകൾ പോൾ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികൾ ഉയർന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാൻ എത്തിയപ്പോൾ പോസ്റ്റൽ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്തെന്ന പരാതിയും ചിലയിടങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്.
0 Comments