വ്യാപാരികളുമായുണ്ടായ തര്‍ക്കത്തെ തുടർന്ന് സ്വകാര്യ ബസുകള്‍ ഇനി ലഗേജുകള്‍ കയറ്റില്ല.




കോഴിക്കോട്: കോഴിക്കോട് - മുക്കം റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ ശനിയാഴ്ച മുതല്‍ ലഗേജുകള്‍ ബസില്‍ കയറ്റില്ല. വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് മുക്കം വാട്‌സ് അപ്പ് കൂട്ടായ്മ പ്രവര്‍ത്തകരും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ലഗേജുകള്‍ ബഹിഷ്‌കരിക്കാന്‍ ബസ് ജീവനക്കാര്‍ തീരുമാനിച്ചത്. ബസുകള്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ളതാണെന്നും സാധനങ്ങള്‍ കൊണ്ടുപോകേണ്ടത് ഗുഡ്‌സ് വാഹനങ്ങളിലാണെന്നുമാണ് ബസ് ജീവനക്കാര്‍ പറയുന്നത്. ലഗേജുകള്‍ ബഹിഷ്‌കരിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടം സഹിക്കാന്‍ തയ്യാറാണെന്നും ഇവര്‍ പറയുന്നു. ബസില്‍ കയറാന്‍ വിദ്യാര്‍ഥികള്‍ വരിനില്‍ക്കേണ്ട ആവശ്യമില്ലെന്ന് കാണിക്കുന്ന വിവരാവകാശ രേഖയുടെ പകര്‍പ്പ് മുക്കം വാട്‌സ് ആപ് കൂട്ടായ്മ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രശ്‌നമുണ്ടാക്കിയ വാട്‌സ് ആപ് കൂട്ടായ്മ പ്രവര്‍ത്തരിലേറെയും വ്യാപാരികളാണെന്നും പരസ്​പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെ പിന്നില്‍നിന്ന് കുത്തിയാല്‍ വേറെ വഴികളില്ലെന്നും ബസ് തൊഴിലാളികള്‍ പറയുന്നു. എല്ലാ ബസ് ജീവനക്കാരും ലഗേജ് ബഹിഷ്‌കരണ സമരവുമായി സഹകരിക്കണമെന്ന സന്ദേശം നവ മാധ്യങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. അതിനിടെ ചില സ്വകാര്യബസുകള്‍ വെള്ളിയാഴ്ച മുതല്‍ തന്നെ ലഗേജുകള്‍ കയറ്റാതെ സമരത്തിന് പിന്തുണ നല്‍കി. ബസുകള്‍ ലഗേജുകള്‍ ബഹിഷ്‌കരിച്ചാല്‍ വ്യാപാരികള്‍ക്ക് അത് വലിയ സാമ്പത്തിക ബാധ്യതയാകും. 20 മുതല്‍ 50 രൂപ വരെ ഈടാക്കിയാണ് ബസുകള്‍ വലിയ കെട്ട് ലഗേജുകള്‍ മുക്കത്തെത്തിക്കുന്നത്. ഈ സാധങ്ങള്‍ മറ്റു വാഹനങ്ങളില്‍ കൊണ്ടുവരുമ്പോള്‍ പത്തിരട്ടിയോളം രൂപ നല്‍കേണ്ടി വരും. പോര്‍ട്ടര്‍മാര്‍ക്ക് വരുമാനം കുറയും മുക്കം: കോഴിക്കോട് - മുക്കം റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ ലഗേജുകള്‍ ബഹിഷ്‌കരിച്ചാല്‍ പോര്‍ട്ടര്‍മാര്‍ പ്രതിസന്ധിയിലാകും. ക്വിന്റല്‍ കണക്കിന് വ്യാപാരസാധനങ്ങളാണ് സ്വകാര്യ ബസുകളില്‍ ദിവസേന മുക്കത്തെത്തിക്കുന്നത്. ഇത് ഇല്ലാതാകുന്നതോടെ മുക്കത്തെയും കോഴിക്കോട്ടെയും പോര്‍ട്ടര്‍മാരുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാകും.