മാവൂരിൽ അഗ്നിരക്ഷാസേനയൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ



മാവൂരിൽ അഗ്നിരക്ഷാസേനയൂണിറ്റിന് താൽക്കാലിക കെട്ടിടം നിർമിക്കുന്ന കൂളിമാട് റോഡരികിലെ സ്ഥലം


കോഴിക്കോട്:മാവൂരിൽ അഗ്നിരക്ഷാസേനാ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ, ഡിസംബറോടെ മാവൂരിൽ യൂണിറ്റ് പ്രവർത്തന സജ്ജമാക്കാനാവും. മാവൂർ കൂളിമാട് റോഡിലെ ആരോഗ്യ ഉപകേന്ദ്രത്തിനടുത്ത് അഗ്നിരക്ഷായൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള താൽക്കാലിക സംവിധാനമൊരുക്കും.മുക്കം സ്റ്റേഷൻ ഓഫിസർ കെ.പി.ജയപ്രകാശിനാണ് മാവൂരിൽ അഗ്നിരക്ഷാസേനയൂണിറ്റിന്റെ ചുമതല നൽകിയത്.
അഗ്നിരക്ഷാ സേന യൂണിറ്റിന് സ്ഥിരം കെട്ടിടം നിർമിക്കാൻ കണ്ടെത്തിയ കൽപ്പള്ളിയിലെ സ്ഥലം

യൂണിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുനൽകിയതായുള്ള കത്തുകളും മറ്റുരേഖകളും പഞ്ചായത്ത് പ്രസിഡന്റ് സി.മുനീറത്ത് പി.ടി.എ റഹീം എംൽഎക്കും, അഗ്നിരക്ഷാസേന ഉന്നത ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട്. ജീവനക്കാർക്കുള്ള വിശ്രമമുറി, പ്രാഥമിക സൗകര്യങ്ങൾ, ഓഫിസ്, തുടങ്ങിയവക്കുള്ള താൽക്കാലിക കെട്ടിടം നിർമ്മിച്ചുനൽകുന്നതിന് മാവൂരിലെ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അഗ്നിരക്ഷാ യൂണിറ്റിന് സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് ചെറൂപ്പയിലും, കൽപ്പള്ളിയിലും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളുടെ രേഖകളും, സ്കെച്ചും പഞ്ചായത്ത് പ്രസിഡന്റ് അഗ്നിരക്ഷാസേനയിലെ ഉന്നത ഉദ്യാഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നിന്നും ഭൂമി വിട്ടുകിട്ടുന്ന മുറക്ക് കെട്ടിടം പണി തുടങ്ങും, അതുവരെയുള്ള താൽക്കാലിക സംവിധാനമാണ് മാവൂർ കൂളിമാട് റോഡരികിലെ ആരോഗ്യ ഉപകേന്ദ്രത്തിനടുത്ത് ഒരുക്കുന്നത്.

അടുത്തമാസം ഇരുപതോടെ താൽക്കാലിക കെട്ടിടം നിർമിച്ചുനൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സംസ്ഥാനകമ്മിറ്റി അംഗം നാസർ മാവൂരാൻ പറഞ്ഞു. 

മാവൂരിൽ സ്ഥലം ലഭ്യമാക്കി താൽക്കാലിക കെട്ടിടം നിർമിച്ചുനൽ‌കിയാൽ ഫയർ യൂണിറ്റ് ഡിസംബറോടെ തുടങ്ങാനാവുമെന്ന് അഗ്നിരക്ഷാസേന മേധാവി ടോമിൻ തച്ചങ്കരി പി.ടി.എ റഹീം എംഎൽഎ യെ അറിയിച്ചിട്ടുണ്ട്. പി.ടി.എ റഹീം എംഎൽഎയുടെ ശ്രമഫലമായാണ്  മാവൂരിൽ അഗ്നിരക്ഷാസേന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടിയുണ്ടായത്.