കെഎസ്ഇബിയുടെ കാഷ്ഡിപ്പോസിറ്റ് മെഷീൻ കോവൂരിൽ




കെഎസ്ഇബി കോവൂർ സെക്‌ഷനിൽ സ്ഥാപിച്ച കാഷ്‌ ഡിപ്പോസിറ്റ് മെഷീൻ കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ. ഇളങ്കോവൻ ഉദ്ഘാടനം ചെയ്യുന്നു.


കോഴിക്കോട്:സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിൽ ആദ്യത്തേതുമായ കെഎസ്ഇബിയുടെ കാഷ്ഡിപ്പോസിറ്റ് മെഷീൻ കോവൂർ ഇലക്ട്രിക്കൽ സെക്‌ഷനിൽ പ്രവർത്തനം തുടങ്ങി. കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ. ഇളങ്കോവൻ ഉദ്ഘാടനം ചെയ്തു. ഏതു സെക്‌ഷനിൽ പെട്ട ഉപഭോക്താക്കൾക്കും ചെക്കു മുഖേനയോ പണമായോ 24 മണിക്കൂറും ബില്ല് അടയ്ക്കാം. പരാതികൾ രേഖപ്പെടുത്താനുള്ള മെഷീനും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ജില്ലയിലെ ഏറ്റവും വലിയ സെക്‌ഷനായ ഇവിടെ 28,500 ഉപഭോക്താക്കളാണുള്ളത്. ഇതിനാൽ‌ പലപ്പോഴും പണമടയ്ക്കാൻ‌ ഏറെ സമയം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. നിലവിൽ‌ തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നീ നഗരങ്ങളിൽ മാത്രമാണ് കാഷ്‌ഡിപ്പോസിറ്റ് മെഷീനുള്ളത്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വൈദ്യുതി ബിൽ അടയ്ക്കാൻ കൂടുതൽ കാഷ്‌ഡിപ്പോസിറ്റ് മെഷീൻ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. ഡയറക്ടർ (വിതരണം ആൻഡ് ഐടി) പി. കുമാരൻ, ഉത്തര മേഖലാ വിതരണ വിഭാഗം ചീഫ് എൻജിനീയർ എസ്. പരമേശ്വരൻ, ചീഫ് എൻജീനീയർ (ഐടി ആൻഡ് കസ്റ്റമർ റിലേഷൻ) വി. കേശവദാസ്, ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ.ബി. സ്വാമിനാഥൻ, എക്സിക്യൂട്ടീവ് എൻജിനീയർ വി. സാബു എന്നിവർ പങ്കെടുത്തു.

എങ്ങനെ അടയ്ക്കാം പണം 

വൈദ്യുതി ബില്ലിലെ ബാർകോഡ് മെഷീനിലെ സ്കാനറിനു മുൻപാകെ കാണിച്ചാൽ വിശദാംശങ്ങൾ സ്ക്രീനിൽ തെളിയും. അല്ലെങ്കിൽ കൺസ്യൂമർ നമ്പർ ടച്ച്സ്ക്രീനിൽ രേഖപ്പെടുത്തണം. തുടർന്ന് കൺഫേം ബട്ടൺ അമർത്തിയാൽ പണമായാണോ ചെക്കായാണോ എന്നു ചോദിക്കും. ഇതു തിരഞ്ഞെടുക്കുക.

ചെക്കാണെങ്കിൽ അതിനുള്ള പ്രത്യേക ഡ്രോയിലിടുക. എംഐസിആർ കോഡുള്ള ചെക്കുകളാണ് സ്വീകരിക്കുക. പണമായാണെങ്കിൽ അതു രേഖപ്പെടുത്തുക. പുതിയ 200 രൂപ, 50 രൂപ നോട്ടുകൾ തൽക്കാലം സ്വീകരിക്കില്ല. നാണയങ്ങളും എടുക്കില്ല. ബിൽതുകയിലും കൂടുതൽ തുകയാണ് മെഷീനിൽ വയ്ക്കുന്നതെങ്കിൽ അവശേഷിക്കുന്നത് അടുത്ത ബില്ലിലേക്കു വരവ്‌ വയ്ക്കും. ഇന്ററാക്റ്റീവ് ഓഡിയോ സൗകര്യവും ഇതിലുണ്ട്.