ബീച്ച് ഫയർസ്റ്റേഷൻ പുതിയ കെട്ടിടം വരുന്നു


കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഫയര്‍ഫോഴ്‌സിന്റെ  ഒരുപാട് കാലമായി അവഗണിക്കപ്പെട്ട് കിടന്ന പുതിയ  കെട്ടിടമെന്ന ആവശ്യം യാഥാര്‍ത്ഥ്യത്തിലേക്ക്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടമാണ് ഇവിടെ നിർമിക്കുന്നത്. പി.ഡബ്ല്യു.ഡി അധികൃതര്‍ നിലവിലുള്ള സ്ഥലം അളന്ന് രേഖപ്പെടുത്തി.പ്ലാന്‍ പാസായാല്‍ ഉടന്‍ പുതിയ കെട്ടിടം നിർമാണത്തിനുള്ള നടപടികള്‍ ആരംഭിക്കും. നിലവിലുള്ള കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

1976-ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തതാണ് ഇപ്പോഴുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷനിൽ 59 പേരാണ് ജോലിചെയ്യുന്നത്. മഴയില്‍ ചോര്‍ന്നൊലിക്കുകയും,ഏതു നിമിഷവും നിലം പൊത്താറായതുമായ അവസ്ഥയിലുമാണ് ഇപ്പോഴുള്ള കെട്ടിടം. ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള മുറിയുടെ സീലിംഗ് അടര്‍ന്നു വീണിരുന്നു. ചുമരുകള്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.

എട്ട് വാഹനങ്ങള്‍ ബീച്ച് ഫയര്‍‌സ്റ്റേഷനിലുണ്ട് എന്നാലിവ നിര്‍ത്തിയിടാനുള്ള സൗകര്യം ഇപ്പോഴുള്ള ഗാരേജില്‍ ഇല്ല.30000 ലിറ്റര്‍ ജലം സംഭരിക്കാവുന്ന ടാങ്കും അപകടാവസ്ഥയിലാണ്. ടാങ്കിന്റെ ചുമരുകള്‍ നശിക്കുകയും തൂണുകള്‍ ദ്രവിച്ച് കമ്പി പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഈ വാട്ടര്‍ ടാങ്കിന് തൊട്ടടുത്താണ് ജീവനക്കാരുടെ വിശ്രമമുറി എന്നത് കൂടുതൽ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ജീവനക്കാര്‍ തന്നെ കെട്ടിയുണ്ടാക്കിയ താര്‍പായ മേല്‍ക്കൂരയാക്കിയാണ് വാഹനങ്ങള്‍ നിര്‍ത്തുന്നത്. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ അവസ്ഥയും പരിതാപകരമാണ്.

80 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടവും ജീവനക്കാരുടെ ഹോസ്റ്റലും പൊളിച്ചു നീക്കും. മൂന്ന് മൊബൈല്‍ ടാങ്ക്, ജീപ്പ്, ആംബുലന്‍സ്, ക്രാസ്‌ടെന്‍ഡര്‍, എമര്‍ജന്‍സി ടെന്‍ഡര്‍, മിനി വാട്ടര്‍ മിസ്ട് ടെന്‍ഡര്‍ എന്നിവ ഓരോന്ന് വീതം പാര്‍ക്ക് ചെയ്യാനാവശ്യമായ ഗ്യാരേജ്, ഓഫീസ്, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാനുള്ള മുറി, വാട്ടര്‍ ടാങ്ക് എന്നീ സൗകര്യങ്ങള്‍ ഉണ്ടാവും.പുതിയ കെട്ടിടം വരുന്നതോടെ നിലവിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവുമെന്ന ആശ്വാസത്തിലാണ് ബീച്ച് ഫയര്‍‌സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.