കോഴിക്കോട് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന്‍


കോഴിക്കോട്:ഇക്‌സിഗോ യാത്രാപോര്‍ട്ടല്‍ നടത്തിയ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും വൃത്തിയേറിയ റെയില്‍വേ സ്റ്റേഷനായി കോഴിക്കോടിനെ തിരഞ്ഞെടുത്തു. ഡല്‍ഹിയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ ഹസ്രത് നിസാമുദ്ദീനാണ് ഏറ്റവും താഴ്ന്ന നിലവാരത്തില്‍. വൃത്തിയുള്ളതെന്ന് കണ്ടെത്തിയവയില്‍ 40 ശതമാനം സ്റ്റേഷനുകളും ദക്ഷിണേന്ത്യയിലാണ്. കര്‍ണാടകയിലെ ഹുബ്ബള്ളി ജങ്ഷന്‍, ദാവണെഗെരെ, ജാര്‍ഖണ്ഡിലെ ധന്‍ബാദ് എന്നിവ കോഴിക്കോടിന് പിറകിലുണ്ട്. ഏറ്റവുംതാഴ്ന്ന നിലവാരത്തില്‍ വാരണാസി, മധുര ജങ്ഷന്‍, അജ്‌മേര്‍ ജങ്ഷന്‍, ഭുസാവല്‍ ജങ്ഷന്‍ എന്നീ സ്റ്റേഷനുകളും വരും. ഐ.ആര്‍.സി.ടി.സി.യുമായി ചേര്‍ന്ന് ടിക്കറ്റ് ബുക്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇക്‌സിഗോ, തങ്ങളുടെ 70 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളില്‍നിന്നാണ് വിവരം ശേഖരിച്ചത്. സര്‍വേയില്‍ സ്വര്‍ണജയന്തി രാജധാനി ഏറ്റവും വൃത്തിയുള്ള തീവണ്ടിയായും കര്‍ണാടക എക്‌സ്​പ്രസ് ഏറ്റവും വൃത്തികുറഞ്ഞ തീവണ്ടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേ 2017-ല്‍ പ്രസിദ്ധീകരിച്ച പഠനത്തിലും ദക്ഷിണേന്ത്യയിലെ മിക്ക സ്റ്റേഷനുകളും മികച്ച സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംനേടിയിരുന്നു.