നാദാപുരം:മലയോര ഹൈവേക്ക് വാണിമേൽ പഞ്ചായത്തിലെ വയനാട് വനം അതിർത്തിയായ വിലങ്ങാട് പുല്ലുവായ് മുതൽ മുടിക്കൽ പാലം വരെയുള്ള ഭാഗം വീതി കൂട്ടാൻ തീരുമാനം. പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത യോഗത്തിലാണിത്. പുല്ലുവായ് ഭാഗത്തുനിന്ന് വയനാട്ടിലെ കുഞ്ഞോത്തേക്ക് ചുരമില്ലാ പാതയ്ക്കുള്ള അനുമതിക്കായി സർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകി.
കേന്ദ്രത്തിനുകൂടി പങ്കാളിത്തമുള്ള പദ്ധതിയായതിനാൽ വനം വഴി റോഡ് നിർമാണത്തിന് അനുമതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിലങ്ങാട്ടു നിന്നു വയനാട്ടിലേക്കുള്ള ചുരമില്ലാ പാതയ്ക്കായി പതിറ്റാണ്ടുകളായി മുറവിളി ഉയരുന്നുണ്ട്. വനം വഴി റോഡ് നിർമാണത്തിന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം അനുമതി നൽകാതിരുന്നതാണ് ചുരമില്ലാപാത യാഥാർഥ്യമാകാതിരിക്കാൻ കാരണം.
മലയോര ഹൈവേക്ക് വാണിമേൽ പഞ്ചായത്തിലെ സ്ഥലമുടമകളുടെ സമ്മതപത്രം ഈ മാസം തന്നെ വാങ്ങാനാണ് തീരുമാനം. 12 മീറ്റർ വീതിയിലായിരിക്കും റോഡ് നിർമാണം. മുടിക്കൽ പാലം കടന്ന് നരിപ്പറ്റ പഞ്ചായത്തിലേക്കാണ് റോഡ് പോകുന്നത്. യോഗം ഇ.കെ. വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ അഷ്റഫ് കൊറ്റാല, എം.കെ. മജീദ്, കെ.പി. രാജീവൻ, എൻ.പി. വാസു, കെ.ടി. ബാബു, രാജു അലക്സ്, രാഷ്ട്രീയ പ്രതിനിധികളായ കെ.സി. ചോയി, ടി. പ്രദീപ്കുമാർ, കെ. ലോകനാഥൻ, പിഡബ്ല്യുഡി എഎക്സ്ഇ കെ. സീരാജ്, എഇ ജി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു
0 Comments