ചുരം അറ്റകുറ്റപ്പണി നാലുദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശംകോഴിക്കോട്: ക്രിസ്മസ്, പുതുവത്സര തിരക്കുകള്‍ പ്രമാണിച്ച് താമരശ്ശേരി ചുരം റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ ജില്ലാ കളക്ടര്‍ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശംനല്‍കി. നാലുദിവസത്തിനകം അടിവാരം മുതല്‍ ലക്കിടി വരെയുള്ള റോഡ് അറ്റകുറ്റപ്പണി നടത്തും.

ചെറുവാഹനങ്ങള്‍ കുഴികളില്‍ ചാടിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഇത്തരത്തിലൊരു ഉത്തരവിറക്കിയത്. ചുരത്തിലൂടെ 25 ടണ്‍ ഭാരവും അതില്‍ കൂടുതലുമുള്ള ചരക്കുവാഹനങ്ങള്‍ നിരോധിച്ചിരുന്നു. ചുരം റോഡ് ശോച്യാവസ്ഥയിലായതിനെ തുടര്‍ന്നാണ് ചരക്കുവാഹനങ്ങള്‍ നിരോധിച്ചിരുന്നത്. 25 ടണ്‍ ഭാരത്തില്‍ കൂടുതലുള്ള വാഹനങ്ങള്‍ ബദല്‍റോഡുകളായ പക്രംതളം ചുരം, നാടുകാണി ചുരം എന്നിവയിലൂടെ പോകണമെന്നായിരുന്നു നിര്‍ദേശം.