ബേപ്പൂർ തുറമുഖത്ത് ഇനി കണ്ടെയ്നർ കപ്പലുകൾ ചരക്കിറക്കാതെ മടങ്ങേണ്ടി വരില്ല
  • മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തിരുമാനം എടുത്തത്.
കോഴിക്കോട്: കോടികൾ മുടക്കി വികസിപ്പിച്ച് കൊണ്ടിരിക്കുന്ന ബേപ്പൂർ തുറമുഖത്തേക്ക് കണ്ടെയ്ർ കപ്പലുകൾ ചരക്കുമായെത്തുമ്പോൾ ഇറക്കാൻ കഴിയാതെ തിരിച്ച് പോകേണ്ടി വരുന്ന അവസ്ഥ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗത്തിൽ തീരുമാനം.കണ്ടെയ്നർ ചരക്കു കയറ്റിറക്കുമായി ബന്ധപ്പെട്ട് ന്യായമായ തൊഴിൽ തർക്കം തൊഴിൽ വകുപ്പിന് ഇടപ്പെട്ട് തീർക്കാം. നിയമവിരുദ്ധമായ നോക്കുകൂലിയെ കുറിച്ച് പരാതി ഉയർന്നാൽ കർശന നടപടികളുണ്ടാവും. ചരക്ക് തുറമുഖത്തിക്കുന്നത് തടസ്സപ്പെടുത്തിയാൽ പോലീസ് സംരക്ഷണത്തിൽ ചരക്കിറക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

കഴിഞ്ഞ മാസം എം.വി കരുതൽ എന്ന കണ്ടെയ്നർ കപ്പൽ ചരക്കിറക്കാൻ തുറമുഖത്തെത്തിയപ്പോൾ ചരക്കിറക്കാൻ തൊഴിലാളികൾ വിസമതിച്ചതിനെ തുടർന്ന് മടങ്ങിപ്പോയിരുന്നു.രണ്ട് നാൾ കപ്പലിൻ തുറമുഖ വാർഫിൽ അടുപ്പിക്കാൻ കഴിയാതെ പുറങ്കടലിൽ കാത്തുകിടക്കേണ്ടി വന്നു. ഒടുവിൽ കൊച്ചി തുറമുഖത്തേക്ക് മടങ്ങി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കാര്യം ഗൗരവമായെടുത്തതോടെയാണ് വ്യാഴായ്ച്ച തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്തത്.

ബേപ്പൂർ തുറമുഖത്തേക്ക് കണ്ടെയ്നറുമായി കപ്പലുകൾ ചരക്കുമായെത്തുന്നതിൻ മുന്നോടിയായി 21 കോടി രൂപയുടെ ജർമൻ നിർമിത ക്രെയിനും, റീച്ച്, അനുബന്ധ യന്ത്രങ്ങളും തുറമുഖത്ത് സജ്ജമക്കിയിട്ടുണ്ട്.