ചാലിയാറിൻ കുറുകെ തുരങ്കപാതയ്ക്കു പദ്ധതികോഴിക്കോട്:തീരദേശ മേഖലയിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കാൻ ചാലിയാറിനു കുറുകെ ബേപ്പൂരിൽ തുരങ്കപാതയ്ക്കു പദ്ധതി. വി.കെ.സി. മമ്മദ്കോയ എംഎൽഎയുടെ ആവശ്യപ്രകാരം ഹാർബർ എൻജിനീയറിങ് വകുപ്പ് 356 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്ക പാതയുടെ കരട് രൂപരേഖ തയാറാക്കി. ബേപ്പൂർ കയർ ഫാക്ടറി മുതൽ ചാലിയം വനം ഡിപ്പോവരെ രണ്ടു കിലോമീറ്റർ നീളത്തിൽ തുരങ്കപാത നിർമിക്കാനാണ് പദ്ധതിയിടുന്നത്. ഇതിൽ 400 മീറ്റർ ദൂരം പുഴയുടെ അടിത്തട്ടിലൂടെയാകും.

ഏഴര മീറ്ററിൽ റോഡും ഇരുവശത്തും നടപ്പാതയുമുൾപ്പെടെ 10.5 മീറ്ററാണ് ഉദ്ദേശിക്കുന്ന വീതി. തുരങ്കപാത പദ്ധതി മുഖ്യമന്ത്രിക്കും മരാമത്ത്–ധനകാര്യ–ഫിഷറീസ് മന്ത്രിമാർക്കും സമർപ്പിച്ചതായി വി.കെ.സി. മമ്മദ്കോയ എംഎൽഎ അറിയിച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) ഉൾപ്പെടുത്തി പ്രവൃത്തി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇരുകരയിലും നിലവിലെ പാതയുടെ അടിയിലൂടെ തുരങ്കം നിർമിക്കാനുദ്ദേശിക്കുന്നതിനാൽ വളരെ കുറച്ചു മാത്രം ഭൂമി ഏറ്റെടുത്താൽ മതിയാകും.

ടണൽ ബോറിങ് മെഷീൻ സാങ്കേതികവിദ്യ ഉപയോഗിച്ചാകും നിർമാണം. ഇതിനാൽ തുരങ്കത്തിന് വൃത്താകൃതിയായിരിക്കും. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ സജ്ജമാകുന്ന തരത്തിലുള്ള നൂതന യാത്രാ മാർഗമാണ് അധികൃതർ വിഭാവനം ചെയ്യുന്നത്. ബേപ്പൂരിൽ ചാലിയാറിന്റെ ഇരുകരകളും ബന്ധിപ്പിച്ചു റോഡ് മാർഗമില്ല. പരിമിത സൗകര്യങ്ങളോടെയുള്ള ജങ്കാർ സർവീസാണ് ഇപ്പോഴുള്ളത്. ഫറോക്ക് വഴി എട്ടു കിലോമീറ്റർ ചുറ്റിയാൽ മാത്രമേ റോഡ് മാർഗമുള്ള സഞ്ചാരം സാധ്യമാകൂ.

ബേപ്പൂരിൽ കപ്പൽച്ചാൽ കടന്നു പോകുന്നതിനാൽ പുഴയ്ക്ക് കുറുകെ പാലം നിർമിക്കുക സാധ്യമല്ലാത്തതിനാലാണ് ഇരു കരകളെയും ബന്ധിപ്പിച്ചു തുരങ്കപാത നിർമിക്കാൻ ശുപാർശ ഉയർന്നത്. ചാലിയാറിനു കുറുകെ ബേപ്പൂരിൽ പാലമില്ലാത്തതിനാൽ തീരദേശപാത കരുവൻതിരുത്തി വഴിയാണ് പോകുന്നത്. ഇതിനാൽ കോഴിക്കോട്–എറണാകുളം റൂട്ടിൽ പോകേണ്ട യാത്രക്കാർ അധികദൂരം സഞ്ചരിക്കേണ്ട സ്ഥിതിയുണ്ട്.

ഇരുകരകളെയും ബന്ധിപ്പിക്കാൻ പല മാർഗങ്ങൾ പരിശോധിച്ചതിൽ നിലവിലെ സാഹചര്യത്തിൽ പുഴയ്ക്ക് അടിയിലൂടെയുള്ള യാത്രാ തുരങ്കം ഏറ്റവും അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. തുറമുഖത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് തുരങ്കത്തിന്റെ പ്രാഥമിക രൂപരേഖയുണ്ടാക്കിയത്. രാജ്യത്ത് ആദ്യം വിശദമായ ശാസ്ത്രീയ പഠനങ്ങളും സർവേകളും നടത്തിയാകും അന്തിമ രൂപരേഖ തയാറാക്കുക.

ഇതുനടപ്പായാൽ പുഴയ്ക്ക് അടിയിലൂടെയുള്ള രാജ്യത്തെ ആദ്യ റോഡ് തുരങ്കമായിരിക്കുമിതെന്നു അധികൃതർ അറിയിച്ചു. ബേപ്പൂരിൽ പുഴയ്ക്ക് അടിയിലൂടെ തുരങ്കപാത വന്നാൽ തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനൊപ്പം ബേപ്പൂർ തുറമുഖം, മത്സ്യബന്ധന മേഖല, ബീച്ച് വിദോന സഞ്ചാര കേന്ദ്രം എന്നിവയുടെ വളർച്ചയ്ക്കും വഴിയൊരുക്കും.