കോഴിക്കോട് ∙ ജില്ലയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട പ്രോജക്ട് ക്ലിനിക്കുകൾ പൂർത്തിയായി. മാലിന്യ സംസ്കരണ പദ്ധതി പ്രാവർത്തികമാക്കാനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ബ്ലോക്ക് കേന്ദ്രങ്ങളിലാണ് കലക്ടർ യു.വി. ജോസിന്റെ നേതൃത്വത്തിൽ പ്രോജക്ട് ക്ലിനിക്കുകൾ തയാറാക്കിയത്.
മുനിസിപ്പൽ ചെയർമാൻമാർ, ബ്ലോക്ക്് പഞ്ചായത്ത്് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത്് പ്രസിഡന്റുമാർ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻമാർ, സെക്രട്ടറിമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്് എൻജിനീയർമാർ, സിഡിഎസ് ചെയർപഴ്സൻമാർ തുടങ്ങിയവർ പങ്കെടുത്തു..
മാലിന്യ സംഭരണ സംവിധാനം
12 ബ്ലോക്ക് പഞ്ചായത്തുകളിൽ സൂപ്പർ എംആർഎഫുകൾ (മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി) സ്ഥാപിക്കുന്നതിനും 70 പഞ്ചായത്തുകളിൽ 62 പഞ്ചായത്തുകൾ മിനി എംആർഎഫുകൾ സ്ഥാപിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഏഴു മുനിസിപ്പാലിറ്റികളും കോഴിക്കോട് കോർപറേഷനും സൂപ്പർ എംആർഎഫ് പ്രോജക്ടുകൾ തയാറാക്കി കഴിഞ്ഞു. ആകെ 70.43 കോടി രൂപയാണ് പദ്ധതികൾക്കായി വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്തുകൾ 34.46 കോടിയും ബ്ലോക്കുകൾ 7.61 കോടിയും കോർപറേഷൻ 21.62 കോടിയും മുനിസിപ്പാലിറ്റി 6.73 കോടിയും വകയിരുത്തി.
ഖരമാലിന്യ സംഭരണത്തിനും മാലിന്യ സംസ്ക്കരണത്തിനുമുള്ള പ്രോജക്ടുകളുമാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അസിസ്റ്റന്റ് കലക്ടർ സ്നേതിൽ കുമാർ സിങ്, ശുചിത്വ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ സി. കബനി എന്നിവർ പങ്കെടുത്തു.