മലയോര ഹൈവേ: നരിപ്പറ്റ പഞ്ചായത്തിലെ സ്ഥലമുടമകളുടെ സമ്മതപത്രം കൈമാറി



കോഴിക്കോട്: മലയോര ഹൈവേയ്ക്കുവേണ്ടിയുള്ള സ്ഥലം വിട്ടുനൽകുന്ന നരിപ്പറ്റ പഞ്ചായത്തിലെ ഉടമകളുടെ സമ്മതപത്രം കൈമാറി. കാസർകോട്‌ ജില്ലയിലെ നന്ദാരപടവിൽനിന്ന് തുടങ്ങി തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ നീളുന്ന റോഡാണിത്. സംസ്ഥാന സർക്കാർ കിഫ്‌ബി മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് പന്ത്രണ്ടുമീറ്ററിലാണ് വീതികൂട്ടുന്നത്. നാദാപുരം മണ്ഡലത്തിൽ വാണിമേൽ പഞ്ചായത്തിലെ പുല്ലുവായ് മുതൽ കാവിലുംപാറ പഞ്ചായത്തിലെ തൊട്ടിൽപ്പാലം വരെയാണ് ഒന്നാംഘട്ടത്തിൽ വികസനം നടക്കുക.



28 കിലോമീറ്റർ വരുന്ന റോഡ് ആധുനികരീതിയിൽ നവീകരിക്കുന്നതിന് 89 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഏറ്റവും ആധുനികമായ ഡി.ബി.എം. ആൻഡ്‌ ബി.സി. സാങ്കേതികവിദ്യ ഉപയോഗിച്ച് 10 മീറ്ററിൽ ടാറിങ് നടത്തും. എട്ടോളം ബസ് ബേകളും ആധുനികരീതിയിലുള്ള ബസ് സ്റ്റോപ്പുകളുമുണ്ടാകും. വിലങ്ങാട്-മുടിക്കൽപാലം വഴി കൈവേലി-വണ്ണാത്തിപൊയിൽ- കായക്കൊടി-പാലോളി-തൊട്ടിൽപാലം -കോതോട്-മുള്ളൻകുന്ന്-ചെമ്പനോട വഴിയാണ് കാസർകോടുനിന്ന് തുടങ്ങി വയനാട്ടിലൂടെ വരുന്ന റോഡ് തിരുവനന്തപുരത്തേക്ക്‌ കടന്നുപോകുന്നത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



തൊട്ടിൽപാലം മുതൽ ചെമ്പനോട വരെയുള്ള റോഡിന്റെ വികസനം രണ്ടാംഘട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ 202 സ്ഥലമുടമകൾ ഒപ്പിട്ട സമ്മതപത്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. നാരായണി ഇ.കെ. വിജയൻ എം.എൽ.എ.യ്ക്ക് കൈമാറി.

Post a Comment

0 Comments