കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പുതിയ ഡയറക്ടര്‍




കോഴിക്കോട്: യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഡയറക്ടറെ നിയമിച്ചു. കണ്ണൂരില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറായ പി. മൊയ്തീന്‍കുട്ടിയാണ് ചുമതലയേല്‍ക്കുന്നത്. ടിക്കറ്റിങ്, ഓപ്പറേഷന്‍, കൊമേഴ്സ്യല്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും ഏകോപനചുമതല ഇദ്ദേഹത്തിനായിരിക്കും. ഇപ്പോള്‍ സ്റ്റേഷന്‍ മാനേജറുണ്ടെങ്കിലും അദ്ദേഹത്തിന് ഓപ്പറേഷന്റെ ചാര്‍ജ് മാത്രമാണുള്ളത്.

വരുമാനം കൂടുതലുള്ള എ.വണ്‍ സ്റ്റേഷനുകളില്‍ മാത്രമാണ് ഡയറക്ടര്‍മാരെ നിയമിക്കുന്നത്. ഇതില്‍ പാലക്കാട് ഡിവിഷണില്‍ കോഴിക്കോട് മാത്രമേയുള്ളൂ. സംസ്ഥാനത്ത് തൃശ്ശൂര്‍ എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളില്‍ കൂടെ ഡയറക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. വകുപ്പുകളെ ഏകോപിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം വരുമാനം കൂട്ടാനും റെയില്‍വേ ലക്ഷ്യംവെക്കുന്നുണ്ട്. സ്വകാര്യപങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന രാജ്യത്തെ ആദ്യ 23 റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് കോഴിക്കോട്. ഇതിന്റെ നടപടികള്‍ നടന്നുവരുകയാണ്.