യാത്രക്കാരുടെ എണ്ണത്തിലെ നേരിയ കുറവു ചൂണ്ടിക്കാട്ടിയാണ് ട്രെയിനുകൾ നിർത്തിയത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ റെയിൽവേ നടപ്പാക്കിയ ചില പരിഷ്കാരങ്ങളാണ് യാത്രക്കാരെ വല്ലാതെ കുറച്ചതെന്നാണ് ട്രെയിൻ യാത്രക്കാരുടെ വാദം. യാത്രയ്ക്ക് ഒരു മണിക്കൂർ മുൻപെങ്കിലും റെയിൽവേ സ്റ്റേഷനിൽ എത്തണമെന്നാണ് നിലവിലെ നിബന്ധന. ഇതുപ്രകാരം കണ്ണൂരിൽ നിന്ന് എടുക്കുന്ന ജനശതാബ്ദിയിൽ കയറാൻ യാത്രക്കാർ പുലർച്ചെ 3നു തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തണം. അസമയത്ത് സ്റ്റേഷനിൽ എത്താനുള്ള ഈ ബുദ്ധിമുട്ടാണ് എണ്ണം കുറയാൻ കാരണം. പരിശോധനയ്ക്കായി എത്തേണ്ട സമയം അരമണിക്കൂറായി കുറച്ചാൽ കൂടുതൽ യാത്രക്കാർ എത്തുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനു പുറമേ ഓണത്തിനു മുൻപുള്ള ദിവസങ്ങളിലെ കണക്കെടുത്താണ് 24% മാത്രമേ യാത്രക്കാരുള്ളൂ എന്നു റെയിൽവേ കണക്കാക്കിയിരിക്കുന്നത് എന്നും ആരോപണമുണ്ട്. എന്നാൽ ഓണത്തിനു ശേഷമുള്ള ദിവസങ്ങളിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ ട്രെയിനുകൾ റദ്ദാക്കുന്നത് പുനഃപരിശോധിക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെടുന്നു.
എം.കെ.രാഘവൻ എംപി നിവേദനം നൽകി
ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, റെയിൽവേ ബോർഡ് ചെയർമാൻ വിനോദ്കുമാർ യാദവ് എന്നിവർക്കു നിവേദനം നൽകി.ആവശ്യമായ 25 ശതമാനത്തിൽ നിന്ന് വളരെ നേരിയ കുറവ് മാത്രമാണ് രണ്ടു സർവീസുകളിലും ഉള്ളത്. നിലവിലെ യാത്രക്കാരുടെ കുറവ് താൽക്കാലികം മാത്രമാണ്. ഈ സാഹചര്യത്തിൽ ട്രെയിനുകൾ റദ്ദാക്കരുതെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു.
0 Comments