കോഴിക്കോട്: പൂർണമായി മാലിന്യമുക്തമായില്ലെങ്കിലും കനോലി കനാലിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉയർന്നു. ലോക്ഡൗൺ കാലത്ത് അന്തരീക്ഷമലിനീകരണം കുറഞ്ഞതുപോലെ ജലാശയങ്ങളിലും നല്ല മാറ്റമാണുണ്ടായത്.
സി.ഡബ്ല്യു.ആർ.ഡി.എം. നടത്തിയ പഠനപ്രകാരം കനാലിലെ വെള്ളത്തിൽ ഓക്‌സിജന്റെ അളവ് കൂടിയിട്ടുണ്ട്. കോവിഡിന് മുമ്പും ശേഷവും നടത്തിയ പരിശോധനയിൽ മാലിന്യത്തോത് കുറഞ്ഞത് വ്യക്തമാണ്.
ജനുവരിയിലും മേയിലുമാണ് പരിശോധനയ്ക്കായി വെള്ളമെടുത്തത്. പത്തിടങ്ങളിൽനിന്നാണ് വെള്ളം ശേഖരിച്ചത്. ഇപ്പോൾ ഓക്‌സിജന്റെ അളവ് 5.33 മില്ലീഗ്രാം ആണ്.ജനുവരിയിൽ ഇത് ഒരു ലിറ്ററിൽ 1.67-4.2 ആയിരുന്നു.
വെള്ളത്തിലെ ബയോകെമിക്കൽ ഓക്‌സിജൻ (മാലിന്യം വിഘടിക്കാൻ ആവശ്യമായത്) അളവും കുറഞ്ഞു.
0.27 മുതൽ 8.2 മില്ലീഗ്രാം ആയാണ് കുറഞ്ഞത്. ജനുവരിയിൽ 41.12 ആയിരുന്നു ഇത്. നൂറു മില്ലിയിൽ ഒരിടത്തേത് ഒഴികെയുള്ള സാംപിളിലെല്ലാം 500-നു മുകളിലായിരുന്നു നേരത്തേ കോളിഫോം. ഒരിടത്തൊഴികെ മറ്റിടത്തെല്ലാം 500-ൽ താഴെയാണ് ഇപ്പോൾ.
പി.എച്ച്. മൂല്യം 7.14 ആയിരുന്നത് 8.6 ആയി. 5.5 മുതൽ ഒമ്പത് വരെയാണ് മലിനീകരണനിയന്ത്രണ ബോർഡിന്റെ മാനദണ്ഡം.
ഇപ്പോൾ പുറത്തുവന്നിട്ടുള്ള കണക്കുകളെല്ലാം മലിനീകരണനിയന്ത്രണബോർഡിന്റെ അനുവദനീയമായ പരിധിക്കുള്ളിൽ വരുന്നതാണ്. കനാലിന്റെ കല്ലായ് മുതൽ എരഞ്ഞിക്കൽ വരെയുള്ള ഭാഗങ്ങളിൽനിന്നാണ് വെള്ളം ശേഖരിച്ചത്.
ഓപ്പറേഷൻ കനോലി കനാലിന്റെ തുടർഘട്ടങ്ങളിൽ പരിശോധിച്ചപ്പോൾ തന്നെ വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതായി കണ്ടിരുന്നു. അതുകഴിഞ്ഞും കനാൽ ശുചീകരണം തുടരുന്നുണ്ട്.
ലോക്ഡൗൺ കാലത്ത് മാലിന്യം ഒഴുക്കിവിടുന്നതും നിക്ഷേപിക്കുന്നതും കുറഞ്ഞതുകൊണ്ടാണ് ഇപ്പോൾ ഗുണനിലവാരം ഉയരാൻ കാരണമെന്നും നല്ലമാറ്റമാണിതെന്നും സി.ഡബ്ല്യു.ആർ.ഡി.എം. വാട്ടർ ക്വാളിറ്റി ഡിവിഷൻ മേധാവിയും സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. പി.എസ്. ഹരികുമാർ പറഞ്ഞു.
0 Comments