സ്നേഹപൂർവ്വം കൊല്‍ക്കത്ത : മുന്‍ ജില്ല കലക്ടർ പി.ബി സലീമിന്റെ നേതൃത്വത്തില്‍ 160 ടണ്‍ സാധനങ്ങള്‍ കോഴിക്കോട്ടെത്തി

മുൻ ജില്ലാ കലക്ടർ പി.ബി സലീം കൊൽകത്തയിൽ നിന്ന് സാധനങ്ങൾ കയറ്റി അയക്കുന്നതിൻ നേതൃത്വം നൽക്കുന്നു

കോഴിക്കോട് : പ്രളയ ദുരിതബാധിതര്‍ക്കായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ ട്രെയിന്‍ മാര്‍ഗം എത്തിച്ച അവശ്യ വസ്തുക്കളോട് കോഴിക്കോടിന് വൈകാരികമായ ഒരടുപ്പം കൂടിയുണ്ട്. ജില്ലയുടെ മുന്‍ കലക്ടറായിരുന്ന പി.ബി സലീമിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നിന്നാണ് ഏഴ് വാഗണുകളിലായി അരിയും തുണികളും ഉള്‍പ്പെടെ 160 ടണ്‍ സാധനങ്ങള്‍ എത്തിക്കുന്നത്.

പി.ബി സലീം ആദ്യം കലക്ടര്‍ ആയിരുന്ന നാദിയ, ബര്‍ധമാന്‍ ജില്ലകളില്‍ നിന്ന് റൈസ് മില്‍ ഓണേഴ്സ് അസോസിയേഷന്‍ മുഖാന്തരം 25,000 കിലോ ചാക്കുകളിലായി 60,000 കിലോഗ്രാം അരിയും ദക്ഷിണ പര്‍ഗ്നസ്( കൊല്‍ക്കത്തയോട് ചേര്‍ന്ന ) ജില്ലയിലെ വസ്ത്ര നിര്‍മാതാക്കളില്‍ നിന്ന് 792 ബോക്‌സുകളിലായി 12,876 ലേഡീസ് വസ്ത്രങ്ങള്‍, 6816 കുട്ടി ഉടുപ്പുകള്‍, 4120 ലെഗിന്‍സ്, 5184 ഷര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെ 70 ലക്ഷം രൂപ വിലമതിക്കുന്ന 28,232 തുണിത്തരങ്ങളുമാണ് എത്തിച്ചത്. 269 ബോക്‌സുകളില്‍ മരുന്നുകളും 72 ബോക്‌സുകളിലായി സാനിറ്ററി വസ്തുക്കളുമുണ്ട്.

മുൻ ജില്ലാകലക്ടർ പി.ബി സലീം IAS

കോഴിക്കോട് ഏഞ്ചല്‍സിനാണ് സാധനങ്ങള്‍ എത്തിച്ചത്. നിലവില്‍ പശ്ചിമബംഗാള്‍ ന്യൂനപക്ഷ ക്ഷേമവും വിദ്യാഭ്യാസവും വകുപ്പ് സെക്രട്ടറിയായ ഡോ പി.ബി സലീമിന്റെയും വെസ്റ്റ് ബംഗാള്‍ കേഡറിലെ മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥരായ ഐഷാ റാണി, ബിജിന്‍ കൃഷ്ണ എന്നിവരുടെയും നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ മലയാളി അസോസിയേഷനുകളാണ് സാധനങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് എത്തിച്ചത്. കൊല്‍ക്കത്ത മലയാളി ഫെഡറേഷനും കൊല്‍ക്കത്ത കൈരളി സമാജവും ശേഖരിച്ച വസ്തുക്കളും വാഗണുകളില്‍ ഉണ്ട്. കോഴിക്കോടിനൊപ്പം രണ്ട് കണ്ടൈയ്‌നറുകളിലായി കൊച്ചിയിലും സാധനങ്ങള്‍ എത്തിക്കും.



കേരളം നേരിടുന്ന പ്രളയദുരിതത്തില്‍ നേരിട്ടെത്തി സഹായിക്കാന്‍ കഴിയാത്തതിലുള്ള ദു:ഖം പങ്കുവച്ചാണ് കൊല്‍ക്കത്തയിലുളള സഹായമനസ്‌കരുടെ കൂട്ടായ്മയിലൂടെ ഏഴ് വാഗണ്‍ സാധനങ്ങള്‍ മുന്‍ജില്ലാ കലക്ടര്‍ പി.ബി സലീമിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് ഹൗറ റെയില്‍വേ എത്തിച്ചത്. റെയില്‍ മാര്‍ഗം അയച്ച 700 ചാക്ക് അരി കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങി. ഏഞ്ചല്‍സ് പ്രവര്‍ത്തകരായ ഡോ. മെഹറൂഫ് രാജ്, ഡോ. പി.പി. വേണുഗോപാല്‍, ഡോ. അജില്‍ അബ്ദുള്ള, ഡോ. മനോജ് കാലൂര്‍, കെ.ബിനോയ്, കെ.പി. മുസ്തഫ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

0 Comments