സീറോ വേസ്‌റ്റ് കോഴിക്കോട്: പ്രവൃത്തി നിർവഹണോദ്‌ഘാടനം നവംബർ ഒന്നിന്


കോഴിക്കോട്:ജില്ലയെ മാലിന്യമുക്‌തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച സീറോ വേസ്‌റ്റ് കോഴിക്കോട് പദ്ധതിയുടെ പ്രവൃത്തി നിർവഹണോദ്‌ഘാടനം കേരളപ്പിറവി ദിനമായ അടുത്ത മാസം ഒന്നിനു നടക്കും. പദ്ധതി സംബന്ധിച്ച വിശദമായ രൂപരേഖ ഹരിതകേരള മിഷനു മുന്നിൽ അവതരിപ്പിച്ചു.

25ന് തിരുവനന്തപുരത്തു നടക്കുന്ന യോഗത്തിൽ കലക്ടർ പദ്ധതി സമർപ്പിക്കും. നവംബർ ഒന്നിന് ബ്ലോക്ക് പഞ്ചായത്തുകളിൽ സൂപ്പർ എംആർഎഫിനും 48 പഞ്ചായത്തുകളിൽ മിനി എംആർഎഫിനും തറക്കല്ലിടും. കുടുംബശ്രീയുടെയും ഹരിതസേനയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതോടനുബന്ധിച്ച് 70 പഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലികളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും പ്രോജക്‌ട് ക്ലിനിക് നടത്തിയിരുന്നു. ആകെ 70.43 കോടി രൂപയാണ് തദ്ദേശ ഭരണ സ്‌ഥാപനങ്ങൾ ശുചിത്വ പദ്ധതികൾക്കായി വകയിരുത്തിയിരിയിട്ടുള്ളത്. ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ സി. കബനി, ജില്ലാ പ്ലാനിങ് ഓഫിസർ എം.എ. ഷീല, കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ പി. പ്രകാശ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.