ബീച്ച് നവീകരണം:ഡിസംബർ 7ന് തുടങ്ങും




കോഴിക്കോട്:ബീച്ചിൽ ഓപ്പൺ സ്റ്റേജ് മുതൽ ലയൺസ് പാർക്കി‍ന്റെ അവസാനം വരെയുള്ള നവീകരണത്തിന്റെ ഉദ്ഘാടനം ഡിസംബർ ഏഴിനു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ടൂറിസം വകുപ്പിന്റെ നാലുകോടി രൂപകൊണ്ടാണ് നവീകരണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ.

ബീച്ചിൽ സാംസ്കാരിക മേഖലയൊരുക്കുന്നതിന്റെ ആദ്യഘട്ടമായാണ് നവീകരണം തുടങ്ങുന്നത്. പ്രധാനമായും മൂന്ന് സ്റ്റേജുകളെ മുൻനിർത്തിയാണ് പ്രവർത്തനം. ഓപ്പൺ സ്റ്റേജ് മോടി കൂട്ടും. സ്റ്റേജിന്റെ മുൻഭാഗത്ത് എംഎൽഎ ഫണ്ട് ഉപയോഗിച്ചും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഫെയ്സ് ആർക്കും ഡി എർത്തും ചേർന്നാണ് രൂപകൽപന നിർവഹിച്ചിരിക്കുന്നത്.

ഓപ്പൺ സ്റ്റേജിന്റെ പിൻഭാഗത്ത് 500 പേർക്കിരിക്കാവുന്ന ചെറിയ സ്റ്റേജും ഒരുക്കുന്നുണ്ട് ലിറ്ററേച്ചർ ഫെസ്റ്റിന് സ്ഥിരം വേദിയായി ഉപയോഗിക്കാനാണിത്. ലയൺസ് പാർക്കിന്റെ അവസാന ഭാഗത്ത് ചെറിയ പരിപാടികൾക്കായി ഒരുക്കുന്ന സ്റ്റേജാണ് മൂന്നാമത്തേത്. നടപ്പാതയിലെ നിലവിലെ ടൈലുകൾ മാറ്റി പുതിയവ പാകും. ശുചിമുറി ബ്ലോക്കുകളും നവീകരണത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

പാതയോരത്ത് തണൽമരങ്ങൾ വച്ചുപിടിപ്പിക്കും. ബീച്ചിലെ ലൈറ്റ് ഹൗസും മോടി കൂട്ടുന്നുണ്ട്.നവീകരണത്തിനു മുന്നോടിയായി നടന്ന യോഗത്തിൽ എ.പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.  ഡിടിപിസി സെക്രട്ടറി ബിനോയ് വേണുഗോപാൽ, ടൂറിസം ജോയിന്റ് ഡയറക്ടർ സി.എൻ.അനിതകുമാരി, പോർട്ട് ഓഫിസർ കെ.അശ്വിനി കുമാർ, വാർഡ് കൗൺസിലർമാരായ പി.കിഷൻചന്ദ്, തോമസ് മാത്യു, വിവിധ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.