കോഴിക്കോട്:ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് അഞ്ചിനു സ്വപ്നനഗരി കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. മൽസരങ്ങൾ നാളെ മുതൽ 28 വരെ ട്രേഡ് സെന്ററിലും വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലുമായി നടക്കും. 28 പുരുഷ ടീമുകളും 26 വനിതാ ടീമുകളും പങ്കെടുക്കുന്ന ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നതു വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും സംസ്ഥാന വോളിബോൾ അസോസിയേഷനും ചേർന്നാണ്.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ ഈ ചാംപ്യൻഷിപ്പിൽനിന്നു തിരഞ്ഞെടുക്കും. കാലിക്കറ്റ് ട്രേഡ് സെന്ററിലെ ശീതീകരിച്ച ഇൻഡോർ സ്റ്റേഡിയത്തിൽ 10,000 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എട്ടാം തവണയാണു ദേശീയ സീനിയർ വോളിക്കു സംസ്ഥാനം ആതിഥ്യം വഹിക്കുന്നത്. കോഴിക്കോട്ടു മൂന്നുതവണ നടന്നിട്ടുണ്ട്.
ഇക്കുറി ഗോകുലം ഗ്രൂപ്പാണു പ്രധാന സ്പോൺസർ. ഉദ്ഘാടനത്തിനു മുന്നോടിയായി വൈകിട്ട് നാലിനു വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽനിന്നു ഘോഷയാത്ര തുടങ്ങും. കെ.സി. ഏലമ്മ നയിക്കുന്ന ദീപശിഖാ പ്രയാണവും ട്രേഡ് സെന്ററിലേക്കെത്തും. എല്ലാ ദിവസവും ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചവരെയുള്ള കളികൾ സൗജന്യമായി കാണാമെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്.