ജില്ലയിലെ 911 ബോട്ടുകളിൽ കളർ കോഡിങ് പൂർത്തിയാക്കി


കോഴിക്കോട്:ജില്ലയിലെ തീരദേശ സുരക്ഷ വർധിപ്പിക്കാനായി ഒരു മാസത്തിനകം കടലോര ജാഗ്രതാ സമിതികൾ വിളിച്ചുകൂട്ടണമെന്ന് കലക്ടർ യു.വി.ജോസ്. മേഖലാ കടലോര ജാഗ്രതാ സമിതികൾക്കുശേഷം ജില്ലാതല യോഗം ചേരാൻ കലക്ടറുടെ ചേംബറിൽ ചേർന്ന തീരദേശ സുരക്ഷാ അവലോകന യോഗത്തിൽ തീരുമാനിച്ചു. ജില്ലയിലെ റജിസ്റ്റർ ചെയ്ത 911 ബോട്ടുകളിൽ കളർ കോഡിങ് 100 ശതമാനവും പൂർത്തിയാക്കി.

എന്നാൽ 226 വഞ്ചികളുള്ളതിൽ 53 ശതമാനം വഞ്ചികൾ മാത്രമാണ് കളർ കോഡിങ് പൂർത്തിയാക്കിയിട്ടുള്ളത്. ഇത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മത്സ്യബന്ധനത്തിനു പോകുമ്പോൾ തൊഴിലാളികൾ ബയോമെട്രിക് കാർഡുകൾ കൈയ്യിൽ കരുതണമെന്നും ആവശ്യമെങ്കിൽ അധികൃതർക്ക് മുന്നിൽ ഹാജരാക്കണമെന്നും കലക്ടർ അറിയിച്ചു.

ബയോമെട്രിക് കാർഡ് എടുക്കാത്ത മത്സ്യത്തൊഴിലാളികൾ ഉടൻ കാർഡ് എടുക്കണം. എഡിഎം ടി. ജനിൽ കുമാർ, സബ് കലക്ടർ വി. വിഘ്നേശ്വരി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, കസ്റ്റംസ് അസി. കമ്മിഷണർ ഡേവിസ് ടി. മന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.