കോഴിക്കോട്:നഗരത്തിൽ കണ്ണീരൊഴുക്കി ഇരുചക്രവാഹനാപകടങ്ങൾ തുടരുന്നു. റോഡപകടങ്ങളിൽപ്പെട്ടു മരിക്കുന്നവരിൽ പകുതിയിലധികവും ഇരുചക്ര വാഹനയാത്രികരാണെന്നു ട്രാഫിക് പൊലീസ് പറയുന്നു. ഈ വർഷം ഇതുവരെ 156 പേർ മരിച്ചതിൽ 89 പേരും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവരാണ്.
വാഹനം ഓടിച്ചവരും പുറകിലിരുന്നു സഞ്ചരിച്ചവരും ഇതിൽപ്പെടുന്നുണ്ട്. മരിച്ചവരിൽ 48 പേർ കാൽനടക്കാരുമാണ്. ഇവരിൽ അധികംപേരും മരിച്ചത് ഇരുചക്രവാഹനങ്ങളിടിച്ചാണെന്നും പൊലീസ് പറഞ്ഞു. ഈ വർഷം അപകടങ്ങളിൽ പരുക്കേറ്റവർ മൊത്തം 1363 പേരാണ്. ഇതിൽ 714 പേരാണ് ഇരുചക്രവാഹന യാത്രികർ. 332 പേർ കാൽനടക്കാരുമാണ്. ഇരുചക്ര വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും മുപ്പതുവയസ്സിൽ താഴെയുള്ളവരുമാണ്.
ഹെൽമറ്റ്
ബൈക്കപകടങ്ങളിൽ മരിച്ചവരിൽ അധികവും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടസമയത്തു പലരുടെയും ഹെൽമറ്റുകൾ ഹാൻഡിലിൽ തൂക്കിയിട്ട നിലയിലായിരുന്നു. പൊലീസിനെ പേടിച്ചുമാത്രമാണ് പലരും ഹെൽമറ്റ് വാങ്ങുന്നത്. തീരെ സുരക്ഷിതമല്ലാത്ത ഹെൽമറ്റുകളും ചിലർ ഉപയോഗിക്കുന്നുണ്ട്.
ഹെൽമറ്റ് ധരിച്ചിരുന്നവർ മരണത്തിൽനിന്നും തലയ്ക്കുണ്ടാകാവുന്ന ഗുരുതര പരുക്കുകളിൽനിന്ന് രക്ഷപ്പെട്ടിട്ടുമുണ്ട്. ഒട്ടേറെ ബോധവൽക്കരണങ്ങൾക്കു ശേഷവും ഹെൽമറ്റ് ധരിക്കണമെന്ന നിർദേശം പാലിക്കാൻ യാത്രക്കാർ തയാറാകാത്തത് പൊലീസിനെ വലയ്ക്കുകയാണ്.
പ്രതിഷേധം ഉയരുമെന്നതിനാൽ, ഹെൽമറ്റ് വയ്ക്കാത്തവരെ പിന്നാലെയെത്തി പിടികൂടാനും ഇപ്പോൾ പൊലീസ് മുതിരാറില്ല. പലപ്പോഴും ഓവർടേക്കിങ്ങിനു ശ്രമിക്കുമ്പോഴാണ് ബൈക്കപടകങ്ങൾ ഉണ്ടാകുന്നത്. സീബ്രലൈനിലൂടെ മുറിച്ചുകടക്കുന്ന കാൽനടക്കാരെ തട്ടുന്ന സംഭവങ്ങളിലും ഇരുചക്രവാഹനങ്ങളാണു മുന്നിൽ. പലപ്പോഴും പൊലീസില്ലാത്ത സ്ഥലങ്ങളിൽ സീബ്രലൈനുകളിൽ വാഹനങ്ങൾ നിർത്തുന്നില്ലെന്ന പരാതിയുണ്ട്.
കാൽനടയാത്ര
ഈ വർഷം നഗരത്തിൽ നടന്ന റോഡപകടങ്ങളിൽ മരിച്ചവരിൽ 30.76 % കാൽനടക്കാരാണെന്നാണ് കണക്ക്. റോഡ് മുറിച്ചുകടക്കുന്നതിനിടെയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. നടപ്പാതകൾ ഉണ്ടായിട്ടും റോഡിലിറങ്ങി നടക്കുന്ന പ്രവണതയും പലപ്പോഴും അപകടമുണ്ടാക്കുന്നുണ്ട്. ചിലയിടങ്ങളിൽ നടപ്പാതകളുടെ സ്‌ലാബുകൾ അപകടത്തിലായിരിക്കുന്നതും തെരുവുകച്ചവടക്കാർ കയ്യേറിയതും കാൽനടക്കാരെ റോഡിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്.