കോഴിക്കോട്:കോഴിക്കോട്– ബാലുശ്ശേരി റോഡ് അറ്റകുറ്റപ്പണി ഇന്നു തുടങ്ങും . ഇതിനായി 25 ലക്ഷം രൂപയുടെ പ്രവൃത്തി മരാമത്ത് വിഭാഗം കരാർ നൽകിയിട്ടുണ്ട്. പ്രവൃത്തിക്കു മുന്നോടിയായി എ.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. റോഡ് പൂർണമായും തകർന്ന ഭാഗങ്ങളിൽ ചെറിയ തോതിൽ ഉയർത്തും. ഓടയില്ലാത്തതിനാൽ വെള്ളം കെട്ടിനിന്നാണ് പല ഭാഗത്തും റോഡ് ശോച്യാവസ്ഥയിലായത്.
അമ്പലത്തുകുളങ്ങരയ്ക്കു സമീപം, കക്കോടി മുക്ക്, മൂട്ടോളി തുടങ്ങിയ ഭാഗങ്ങളിലാണ് റോഡ് പൂർണമായും തകർന്നത്. ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പിടാനായി കിളയെടുത്ത ഭാഗം ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തി അടുത്ത ആഴ്ചയും തുടങ്ങും. മരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.സി. വിനുകുമാർ, അസിസ്റ്റന്റ് എൻജിനീയർ വി.പി. വിജയകൃഷ്ണൻ തുടങ്ങിയവരുമായാണ് എംഎൽഎ ചർച്ച നടത്തിയത്. അറ്റകുറ്റപ്പണി രണ്ടാഴ്ച കൊണ്ട് പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ എംഎൽഎയോട് പറഞ്ഞു.