കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ ഇനി അഞ്ച് ജില്ലകള്‍

കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ ഇനി അഞ്ച് ജില്ലകള്‍


കോഴിക്കോട്: മലപ്പുറത്ത് 11 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന പാസ്‌പോര്‍ട്ട് ഓഫീസ് 17-ന് പൂട്ടും. നവംബര്‍ 20 മുതല്‍ മലപ്പുറം ഓഫീസിലെ അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഉള്‍പ്പെടെ 36 ജീവനക്കാര്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ ജോലിക്കെത്തും. മലപ്പുറം ഓഫീസ് കോഴിക്കോടില്‍ ലയിപ്പിച്ചുകൊണ്ടുള്ള വിദേശമന്ത്രാലയത്തിന്റെ ഉത്തരവ് വ്യാഴാഴ്ച ഇറങ്ങി. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. ശിവകുമാറിനെ കോയമ്പത്തൂര്‍ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചു. 2006-ലാണ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസ് വിഭജിച്ച് മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കായി മലപ്പുറത്ത് ഓഫീസ് തുടങ്ങിയത്. ഇതിനുശേഷം പാലക്കാട് ജില്ലയെ എറണാകുളം പാസ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലേക്ക് മാറ്റി. ഇതോടെ, മലപ്പുറം ജില്ലയ്ക്ക് മാത്രമുള്ള പാസ്‌പോര്‍ട്ട് ഓഫീസായി മാറി. പുതിയ തീരുമാനത്തോടെ, മലപ്പുറം വീണ്ടും കോഴിക്കോടിന്റെ പരിധിയിലായി. കാസര്‍കോട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെയും മാഹിയിലെയും അപേക്ഷകര്‍ക്ക് ഇനി കോഴിക്കോട്ടുനിന്നാണ് പാസ്‌പോര്‍ട്ട് അനുവദിക്കുക. നിലവില്‍ 48 ജീവനക്കാരാണ് കോഴിക്കോട്ടുള്ളത്. പുതുതായെത്തുന്ന 36 പേര്‍ക്കുകൂടിയുള്ള സൗകര്യം എരഞ്ഞിപ്പാലത്തെ ഓഫീസില്‍ ഒരുക്കിത്തുടങ്ങി. കംപ്യൂട്ടറുകളും സാങ്കേതികസംവിധാനങ്ങളും ക്രമീകരിച്ച് 20 മുതല്‍ ഓഫീസ് സാധാരണനിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ പറഞ്ഞു. മലപ്പുറം ഓഫീസ് പൂട്ടുന്നതോടെ കേരളത്തിലെ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ എണ്ണം മൂന്നാകും. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മറ്റ് ഓഫീസുകള്‍.