കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ശുചീകരണം മുടങ്ങി




കോഴിക്കോട്: ഇതു കോഴിക്കോട് റെയിൽവേ സ്റ്റേഷൻ; പാലക്കാട് ഡിവിഷനു കീഴിലെ ഏക എ–വൺ  സ്റ്റേഷൻ. രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ അണിയറയിൽ തിരക്കിട്ട നീക്കങ്ങൾ നടന്നുവരുന്ന കേരളത്തിലെ ഏക സ്റ്റേഷൻ എന്നും പറയാം. പക്ഷേ, ഇവിടെ ശുചീകരണം മുടങ്ങിയിട്ടു രണ്ടു ദിവസം കഴിഞ്ഞു. കാരണം ശുചീകരണത്തിന് സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തുന്ന നടപടി റെയിൽവേയുടെ അനാസ്ഥയിൽ കുരുങ്ങിക്കിടക്കുകയാണ്.


ഏതാനും വർഷങ്ങളായി കോഴിക്കോട് ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകളിലെ ശുചീകരണം സ്വകാര്യ ഏജൻസികൾക്കാണ് റെയിൽവേ കരാർ നൽകിവരുന്നത്. ഓരോ വർഷവും ഈ കരാർ പുതുക്കി നൽകും. ഇത്തവണ ജനുവരിയിൽ കരാർ പുതുക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും കരാറെടുത്ത വ്യക്തി അതു റദ്ദാക്കി. രണ്ടാമതും ടെൻഡർ ക്ഷണിച്ചെങ്കിലും കരാർ നൽകുന്ന നടപടികൾ റെയിൽവേ എന്തുകൊണ്ടോ പൂർത്തിയാക്കിയില്ല.

അതുകാരണം ആദ്യകരാറുകാരന് മാർച്ചുവരെ ജോലി തുടരാൻ അനുവാദം നൽകി. തുടർന്ന് ഏപ്രിൽ മുതൽ മാസം തോറും ക്വട്ടേഷൻ ക്ഷണിച്ച് ഓരോ ഏജൻസികൾക്കും ശുചീകരണപ്രവൃത്തിയുടെ കരാർ നൽകിത്തുടങ്ങി. ഈ രീതിയിൽ ശുചീകരണപ്രവൃത്തി അനുവദിക്കാവുന്ന സാമ്പത്തികപരിധി അവസാനിച്ചതിനെത്തുടർന്ന് ഓരോ മാസത്തേക്കും ക്വട്ടേഷൻ ക്ഷണിക്കാനാവാത്ത സാഹചര്യം വന്നുചേർന്നു.

അങ്ങനെയാണ് കഴിഞ്ഞ 29ന് രാത്രി ശുചീകരണപ്രവൃത്തികൾക്ക് തിരശീല വീഴുന്നത്. തുടർന്ന് റെയിൽവേ ജീവനക്കാരായ ശുചീകരണത്തൊഴിലാളികളെ ഇതേൽപിച്ചു. റെയിൽ‌വേ കോളനി ശുചീകരണപ്രവൃത്തി നടത്തിവന്ന തൊഴിലാളികളാണ് ഇപ്പോൾ സ്റ്റേഷൻ ശുചീകരണംകൂടി ഏറ്റെടുത്തിരിക്കുന്നത്. അതോടെ കോളനിയിലെ ശുചീകരണവും താളം തെറ്റുമെന്ന അവസ്ഥയിലാണ്.

നേരത്തേ 48 പേർ മൂന്നു ഷിഫ്റ്റുകളിലായി ശുചീകരണജോലി ചെയ്തുപോന്ന റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ കഷ്ടിച്ച് എട്ടു പേർ തങ്ങളാലാവുന്ന രീതിയിൽ ഈ ജോലി ചെയ്യുന്നു. ഫലം–പാതകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മുടങ്ങി. ഒന്ന്, നാല് പ്ലാറ്റ്ഫോമുകളിലെ ഉയർന്ന ക്ലാസ് യാത്രക്കാരുടെ വിശ്രമമുറികളിലെ ശുചിമുറികൾ വൃത്തിഹീനമായിക്കഴിഞ്ഞു.

എ വൺ സ്റ്റേഷൻ എന്നാൽ..

പ്രതിവർഷം 60 കോടി രൂപയിലേറെ യാത്രാടിക്കറ്റുവിൽപനയിലൂടെ നേട്ടമുണ്ടാക്കുന്ന സ്റ്റേഷൻ. ഇതു 100 കോടി രൂപ കവിഞ്ഞതായാണ് കോഴിക്കോട് സ്റ്റേഷന്റെ കാര്യത്തിൽ. പ്രതിദിനം 60,000 യാത്രക്കാർ കയറിയിറങ്ങുന്ന സ്റ്റേഷൻകൂടിയാണ് കോഴിക്കോട്. ഇത്തരമൊരു സ്റ്റേഷനിൽ ശുചീകരണം താളം തെറ്റിയാൽ വരുംദിവസങ്ങളിലെ സ്ഥിതി ഊഹിക്കാനാവാത്തതായിരിക്കും.


കോഴിക്കോട് റയിൽവേ സ്റ്റേഷനു പുറത്ത് റെയിൽ പാതയോട് ചേർന്ന് ഇറക്കിവച്ചിരിക്കുന്ന മാലിന്യം.