തുഷാരഗിരിയിലേക്കുള്ള പുതിയ റോഡ് പണി പുരോഗതിയിൽ

കോഴിക്കോട്ട്:തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് താമരശ്ശേരി ചുരം റോഡിൽനിന്ന് ദൂരം കുറഞ്ഞ പുതിയ പാത ഒരുങ്ങുന്നു. താമരശ്ശേരി ചുരം റോഡിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയ്ക്ക് 29-ാം മൈലിൽനിന്ന് ആരംഭിച്ച് ചിപ്പിലിത്തോട്-വട്ടച്ചിറ വഴിയാണ് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് സംസ്ഥാനപാതയുടെ മാനദണ്ഡത്തിൽ പുതിയ റോഡ് നിർമിക്കുന്നത്.
കാപ്പാട്-തുഷാരഗിരി- അടിവാരം സംസ്ഥാനപാത 68ന്റെ ഭാഗമായാണ് 29-ാം മൈൽ ചിപ്പിലിത്തോട് മുതൽ തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം വരെയുള്ള അഞ്ചു കിലോമീറ്റർ റോഡ് പണിയുന്നത്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766ൽ താമരശ്ശേരി ചുരം റോഡിൽനിന്ന് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ യാത്രാമാർഗമാണിത്.

2015ൽ നിർമാണം ആരംഭിച്ച റോഡിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഏഴു മീറ്റർ വീതിയിൽ ടാറിങ്ങും 29-ാം മൈൽ മുതൽ ചിപ്പിലിത്തോട് അങ്ങാടി വരെ നിലവിലുള്ള എട്ടു മീറ്റർ റോഡിന്റെ വീതി കൂട്ടലും തീരാനുണ്ട്. 14.30 കോടി രൂപയാണ് ചെലവ്. 12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ ചെറുതും വലുതുമായ 19 കലുങ്കുകളാണ് പണിതിട്ടുള്ളത്. വയനാടൻ മലനിരകളിലെ കുന്നിൻ മുകളിലൂടെ കടന്നുപോകുന്ന നിർദിഷ്ട റോഡിൽ നിന്നുള്ള പടിഞ്ഞാറൻ കാഴ്ചകൾ നയനമനോഹരമാണ്.

റോഡ് കടന്നുപോകുന്ന പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ കർഷകർ കാർഷികവിളകൾ നിറഞ്ഞ കൃഷിഭൂമി ഒരു നഷ്ടപരിഹാരവും വാങ്ങാതെ 12 മീറ്റർ വീതിയിൽ സൗജന്യമായി വിട്ടു നൽകിയതാണ്. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചിൽ മൂലം നിർത്തിവച്ച റോഡ് പണി ഉടൻ പുനരാരഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.

പിടിഎസ് ഹൈടെക് പ്രോജക്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കരാറുകാർ.ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാത തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെ ചാലിപ്പുഴയിലെ ആർച്ച് പാലം നിർദിഷ്ട റോഡിലാണ്. റോഡ് പണി പൂർത്തിയാകുന്നതോടെ മാത്രമേ ഏഴു കോടി രൂപ ചെലവഴിച്ച് നിർമിച്ച ആർച്ച് പാലം പൂർണമായും ഉപയോഗപ്രദമാകൂ.

പ്രകൃതി മനോഹരമായ താമരശ്ശേരി ചുരം റോഡ്, വയനാട് പൂക്കോട് തടാകം, മരുതിലാവ് ഇക്കോ ടൂറിസം സെന്റർ, കലമാൻപാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറഞ്ഞ ദൂരത്തിൽ തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്.