കാടും കാട്ടാറും കാട്ടുവെള്ളച്ചാട്ടവും... കുളിർമ തേടിയെത്തുന്ന സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമാണു തുഷാരഗിരി. ജീരകപ്പാറ നിത്യഹരിത വനമേഖലയിലെ പുഴകളും കാനന ചോലകളും അഞ്ചു വെള്ളച്ചാട്ടങ്ങളുമാണ് ആകർഷണ കേന്ദ്രങ്ങൾ. ആന, കാട്ട്പോത്ത് തുടങ്ങിയ വന്യമൃഗങ്ങളും ഇവിടെയുണ്ട്. പക്ഷി നിരീക്ഷകരുടെയും ഇഷ്ട കേന്ദ്രമാണ്.
ചാലിയാറിന്റെ ഉപ നദിയായ ചാലിപ്പുഴയിലും കൈവഴികളിലുമാണു പ്രകൃതിസുന്ദരമായ വെള്ളച്ചാട്ടങ്ങളുള്ളത്. തുഷാരഗിരി വനത്തിലേയ്ക്കു പ്രവേശിക്കുമ്പോൾ സഞ്ചാരികളെ വരവേൽക്കുന്നത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടമാണ്. സമീപം ഏറെ വർഷം പഴക്കമുള്ള താന്നിമുത്തശ്ശി മരവും കൗതുക കാഴ്ച്ചയാണ്. അഞ്ചാറാളുകൾക്കു കയറി നിൽക്കാവുന്ന വലിയ പൊത്തോടുകൂടിയതാണ് ഉയരമുള്ള താന്നിമരം. താന്നിമരത്തിനുള്ളിലെ പൊത്തിലൂടെ മുകളിലേയ്ക്കു നോക്കിയാൽ ആകാശം കാണാം.
രണ്ടാമത്തേതു മഴവിൽ വെള്ളച്ചാട്ടം: ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിൽ വെള്ളം പാറകളിൽ തട്ടി തെറിക്കുമ്പോൾ സൂര്യപ്രകാശത്തിൽ വർണ മഴവില്ലു കാണാൻ കഴിയുന്നതുകൊണ്ടാണു മഴവിൽച്ചാട്ടം എന്നു പേര്. തുമ്പികൾ കൂട്ടത്തോടെ കാണപ്പെടുന്നതാണു മൂന്നാമത്തെ തുമ്പിതുള്ളംപാറ വെള്ളച്ചാട്ടം. കരിംപാറ പ്രദേശത്തു തോണിപോലെ നീണ്ടുകിടക്കുന്ന തോണിക്കയത്തിനു മുകളിലാണു നാലാമത്തെ വെള്ളച്ചാട്ടമുള്ളത്.
തുഷാരഗിരി ഇക്കോടൂറിസം സെന്റർ ഓഫിസിൽ നിന്നു മൂന്നര കിലോമീറ്റർ അകലെ ഉൾവനത്തിലാണു തുഷാരഗിരിയിലെ ഏറ്റവും ഉയരം കൂടിയ അവഞ്ഞിത്തോട് വെള്ളച്ചാട്ടം. തുഷാരഗിരി സെന്ററിൽ നിന്നും നാലു കിലോമീറ്റർ അകലെ നിബിഡ വനത്തിനുള്ളിലെ ഉയർന്നു നിൽക്കുന്ന പാറയാണു ഹണി റോക്ക്.
ദക്ഷിണേന്ത്യയിലെ ഉയരം കൂടിയ ആർച്ച് മോഡൽ പാലം നിർമിച്ചിരിക്കുന്നതും തുഷാരഗിരിയിലാണ്. രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു വരെയാണു പ്രവേശന സമയം. പ്രവേശന ഫീസ് 30 രൂപ. വിദേശികൾക്ക് 50 രൂപ, കുട്ടികൾക്കു 15 രൂപ. മൺസൂൺ ടൂറിസം സീസണിൽ വിദേശികളടക്കമുള്ള സഞ്ചാരികൾ പങ്കെടുക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ, കയാക്കിങ്ങ് മൽസരങ്ങൾ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും എല്ലാ ജൂലൈ മാസവും നടന്നുവരുന്നു.
വെബ് സൈറ്റ്:
www.keralatourism.org/thuusharagiri-waterfalls
0 Comments