കോഴിക്കോട് മെഡിക്കൽ കോളജിലും പഞ്ചിങ് മെഷീൻ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ ഇന്നു മുതൽ പഞ്ചിങ് നടപ്പാക്കുന്നു. ഒരു മാസം ട്രയലായിരിക്കും. മെഡിക്കൽ കോളജിലും അനുബന്ധ ആശുപത്രികളിലുമായി ഡോക്ടർമാർ ഉൾപ്പെടെ നാലായിരത്തോളം ജീവനക്കാരാണുള്ളത്. നിലവിൽ വിവിധ വിഭാഗങ്ങളിലായാണ് ഓരോരുത്തരും ഹാജർ പട്ടികയിൽ ഒപ്പുവയ്ക്കുന്നത്.

ഇതിനു പകരമായി വിവിധ സ്ഥലങ്ങളിൽ പഞ്ചിങ് പോയിന്റുകൾ‌ സ്ഥാപിച്ചിട്ടുണ്ട്. അവിടങ്ങളിലാണ് പഞ്ചിങ് നടത്തേണ്ടത്. 99% ജീവനക്കാരുടെയും വിരലടയാളങ്ങൾ നേരത്തെ ശേഖരിച്ചിട്ടുണ്ട്. പുതുതായി വരുന്ന ജീവനക്കാരുടെ വിരലടയാളങ്ങൾ മാത്രമാണ് രേഖപ്പെടുത്താനുള്ളത്. പഞ്ചിങ് പോയിന്റിൽ നിന്നുള്ള വിവരങ്ങൾ പ്രത്യേക സെർവറിൽ കേന്ദ്രീകരിക്കും. മെഡിക്കൽ കോളജിലും ആശുപത്രികളിലുമായി വിവിധ ഷിഫ്റ്റുകളിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. 

ആശുപത്രി ജീവനക്കാരിൽ ഏറെപ്പേരുടേയും ജോലി സമയം മൂന്നു ഷിഫ്റ്റുകളിലായാണ് ക്രമീകരിച്ചത്. ഇതുപ്രകാരമുള്ള സമയം പഞ്ചിങ് യന്ത്രത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.പഞ്ചിങ് പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി തന്നെ മെഡിക്കൽ കോളജിലും വിവിധ ആശുപത്രികളിലും ഹാജർ രേഖപ്പെടുത്തുന്നത് കർശനമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിൽ വൈകി ജോലിക്കെത്തുന്നവരുടെ ഹാജർ പ്രത്യേക പട്ടികയിൽ രേഖപ്പെടുത്തിയിരുന്നതായാണ് ജീവനക്കാർ പറയുന്നത്.  പഞ്ചിങ് വരുന്നതോടെ ജോലിക്കു വരുന്നതും പോകുന്നതിനും ഇനി കൂടുതൽ കൃത്യത വരുത്താൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി നഴ്സിങ് സൂപ്രണ്ട് ഓഫിസിനു സമീപം സ്ഥാപിച്ച പഞ്ചിങ് പോയിന്റ്.