പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റ് ശിലയിടൽ ജനം തടഞ്ഞു

  



കോഴിക്കോട്: അന്നശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. പരപ്പാറയിലെ തലക്കുളത്തൂർ പഞ്ചായത്ത് വ്യവസായ എസ്റ്റേറ്റിൽ മുൻകൂട്ടി നോട്ടിസ്പോലും പ്രസിദ്ധീകരിക്കാതെ രഹസ്യമായി തറക്കല്ലിടൽ നടത്താനുള്ള നീക്കമാണ് നാട്ടുകാരുടെ ഇടപെടൽമൂലം നിർത്തിവച്ചത്.

ചേളന്നൂർ  ബ്ലോക്ക് പഞ്ചായത്തിന്റെ മിനി റിക്കവർ ഫെസിലിറ്റി സംവിധാനമാണ് പരപ്പാറയിൽ സ്ഥാപിക്കാൻ ലക്ഷ്യം വച്ചത്. ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിൽ  നിന്നുള്ള തരം തിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് യന്ത്രമുപയോഗിച്ച് അരിഞ്ഞു നുറുക്കി പായ്ക്ക്ചെയ്ത് വിവിധ ആവശ്യങ്ങൾക്കുപയോഗിക്കാൻ പാകത്തിലാക്കുന്ന പ്ലാന്റാണ് വിഭാവനം ചെയ്തത്. ഇവ റോഡ് ടാറിങ്ങിനുപയോഗിക്കാനാണ് പദ്ധതി.  ഇതിനുവേണ്ടി ബ്ലോക്ക് 19 കോടിരൂപ നീക്കിവച്ചിട്ടുണ്ട്.

പഞ്ചായത്തിലെ ഏഴാം വാർഡിലാണ് പ്ലാന്റിനു സ്ഥലം കണ്ടെത്തിയത്. എന്നാൽ പരപ്പാറ ഹരിജൻ കോളനിയിലുള്ളവരടക്കം ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ നിവാസികളാണ് പ്ലാന്റിനെതിരെ എതിർപ്പുമായി രംഗത്തെത്തിയത്.  പ്ലാന്റിന്റെ ഉദ്ഘാടനവിവരം പോലും നാട്ടുകാരിൽ നിന്നും പഞ്ചായത്തധികൃതർ മറച്ചു വച്ചതായി നാട്ടുകാർ  ആരോപിച്ചു.

ആറുമാസം മുൻപു  പഞ്ചായത്ത് സ്റ്റേഡിയത്തിൽ ശേഖരിച്ച ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യം കൊണ്ടു പോകാതെ മാസങ്ങളോളം വൃത്തിഹീനമായ അന്തരീക്ഷത്തിൽ വെയിലും മഴയും കൊണ്ട് ശല്യമായ കാര്യവും ജനങ്ങൾ ഓർമിപ്പിച്ചു.

ഉദ്ഘാടനത്തിനെത്തിയ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ മടങ്ങിപ്പോവുകയയായിരുന്നു. പൊതുജനങ്ങൾക്ക് ശല്യമില്ലാത്ത രീതിയിലുള്ള പ്ലാന്റാണ് പരപ്പാറയിൽ തുടങ്ങാനുദ്ദേശിച്ചതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയശേഷമേ പ്ലാന്റിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയുള്ളൂ എന്നും തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശൻ പറഞ്ഞു.
തലക്കുളത്തൂരിലെ അന്നശ്ശേരിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യപ്ലാന്റിന് തറക്കില്ലാടെനെത്തിയവരെ നാട്ടുകാർ തടഞ്ഞപ്പോൾ