പുതിയാപ്പ, വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങൾക്കായി 27 കോടിയുടെ പദ്ധതി

പുതിയാപ്പ, വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങൾക്കായി 27 കോടിയുടെ പദ്ധതികോഴിക്കോട്: പുതിയാപ്പ, വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങൾക്കായി 27 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. വെള്ളയിലെ പദ്ധതി ഈ വർഷം തുടങ്ങും. പുതിയാപ്പയുടേതിനു രണ്ടാഴ്ചയ്ക്കകം സാങ്കേതിക അനുമതി നൽകുമെന്നും മത്സ്യോത്സവം, മത്സ്യ അദാലത്ത് ഉദ്ഘാടനം ചെയ്യവേ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രഖ്യാപിച്ചു.

പുതിയാപ്പയിൽ വാർഫിന്റെ നീളം കൂട്ടുകയാണ് ചെയ്യുന്നത്. വർഷങ്ങളായുള്ള ആവശ്യമാണ് ഇവിടെ നടപ്പാക്കാൻ പോകുന്നത്. എ.കെ. ശശീന്ദ്രൻ എംഎൽഎയും തൊഴിലാളികളും ചേർന്ന് മന്ത്രിയെ കണ്ടു പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് യുഎൽസിസി അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യുഎൽ‌സിസി അക്രഡിറ്റഡ് ഏജൻസിയാണെന്നും അതിനാൽ തടസ്സമുണ്ടാകില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വെള്ളയിൽ പദ്ധതി

∙ വെള്ളയിൽ പുലിമുട്ടിന്റെ നീളം കൂട്ടാനുള്ള 12.5 കോടി രൂപയുടെ പദ്ധതിക്ക് ഈ വർഷം തുടക്കം കുറിക്കുമെന്നു നേരത്തെ ഇവിടെ സന്ദർശിച്ചപ്പോൾ പറഞ്ഞതാണെങ്കിലും ഇതു സമയബന്ധിതമായി നടപ്പാക്കുമെന്നാണ് മന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. ഇതു വീണ്ടും പ്രതീക്ഷ നൽകുന്നു. തെക്കേ പുലിമുട്ട് ദീർഘിപ്പിക്കുന്നതു മുതൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വരെ നീളുന്നതാണ് തുറമുഖത്തിന്റെ ആവശ്യങ്ങൾ. ചെറുതും വലുതുമായ നൂറ്റൻപതോളം വള്ളങ്ങളാണ് ഇവിടം കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്നത്.

അയ്യായിരത്തോളം പേർ ഉപജീവനത്തിനായി തുറമുഖത്തെ ആശ്രയിക്കുന്നു. പുലിമുട്ടുകൾക്കിടയിൽ വലിയ ഓളങ്ങളാണ്. വള്ളങ്ങൾക്ക് സുരക്ഷിതമായി തുറമുഖത്തേക്ക് അടുക്കാനാകുന്നില്ല. പല വള്ളങ്ങൾക്കും ഇതിനകം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ ഓഗസ്റ്റുവരെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. എ. പ്രദീപ് കുമാർ എംഎൽഎ

∙ വെള്ളയിൽ തുറമുഖത്തിന്റെ കാര്യം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കേന്ദ്ര സഹായം ചോദിച്ചെങ്കിലും ലഭ്യമാകാത്തതിനാലാണ് സംസ്ഥാന സർക്കാർ പ്രത്യേക താൽപര്യമെടുത്ത് നടപടികൾ‌ വേഗത്തിലാക്കുന്നത്.