മാലിന്യം വളമാക്കാൻ കണ്ടംകുളത്ത് തുമ്പൂർമുഴി മാതൃക

തുമ്പൂർമുഴി മാതൃക ജൈവമാലിന്യ സംസ്കരണ കേന്ദ്രം കണ്ടംകുളം ജൂബിലി ഹാൾ പരിസരത്ത് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഡപ്യൂട്ടി മേയർ മീരാ ദർശക് തുടങ്ങിയവർ സമീപം. 


കോഴിക്കോട് :അടുത്ത മാർച്ചിനു മുൻപ് കോർപറേഷൻ പരിധിയിൽ തുമ്പൂർമുഴി മാതൃക ജൈവമാലിന്യ സംസ്കരണ കേന്ദ്രങ്ങൾ‌ ഇരുപത്തെട്ടെണ്ണം പൂർത്തിയാക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം നിർമിച്ച ആദ്യത്തെ മാലിന്യ സംസ്കരണ കേന്ദ്രം കണ്ടങ്കുളം ജൂബിലി ഹാൾ വളപ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

ആലപ്പുഴയിൽ ഏറെ വിജയം കണ്ട മാലിന്യ സംസ്കരണ പദ്ധതിയാണ് തുമ്പൂർമുഴി മാതൃക. അതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയും ഈ പദ്ധതി പരീക്ഷിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ കോർപറേഷൻ പരിധിയിൽ 28 ഇടങ്ങളിൽ പദ്ധതി ആവിഷ്കരിക്കുന്നതിനായി 20 ലക്ഷം രൂപയാണ് കോർപറേഷൻ നീക്കിവച്ചിരിക്കുന്നത്. ഇവയെല്ലാം പ്രാവർത്തികമാകുന്നതോടെ നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകും.

മാലിന്യം സൃഷ്ടിക്കപ്പെടുന്നിടത്തു തന്നെ  സംസ്കരിക്കപ്പെടുമെന്നതാണ് ഈ പദ്ധതിയുടെ നേട്ടം. ഇപ്പോൾ ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി പ്രകാരം കണ്ടങ്കുളം ജൂബിലി ഹാളിൽ പരിപാടികൾ നടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യങ്ങളെല്ലാം ഇവിടെ സംസ്കരിക്കാനാകുമെന്നും മേയർ വ്യക്തമാക്കി. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് ആധ്യക്ഷ്യം വഹിച്ചു.

ആദ്യ ഘട്ടത്തിൽ നിർമിക്കുന്ന 28 കേന്ദ്രങ്ങളിൽ അഞ്ചെണ്ണമാണ് ഉടൻ പൂർത്തിയാകുകയെന്ന് അദ്ദേഹം പറഞ്ഞു. കണ്ടങ്കുളം ജൂബിലി ഹാളിനു പുറമെ, ടൗൺഹാൾ പരിസരം, പുതിയറ, പുതിയസ്റ്റാൻ‍ഡ്, ബേപ്പൂർ എന്നിവിടങ്ങളിലാണ് ഉടൻ ഈ പദ്ധതി നിലവിൽ വരികയെന്നും അദ്ദേഹം വ്യക്തമാക്കി. ഡപ്യൂട്ടി മേയർ മീരാദർശക് ആധ്യക്ഷ്യം വഹിച്ചു. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപഴ്സൺ ടി.വി. ലളിതപ്രഭ, കൗൺ‌സിലർമാരായ എം. മൊയ്തീൻ, കെ. നജ്മ, ഹെൽത്ത് സൂപ്പർവൈസർ ടി.കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.

തുമ്പൂർമുഴി മാതൃക എന്നാൽ

ജൈവമാലിന്യങ്ങളെ പാരിസ്ഥിതിക പ്രശ്നങ്ങളൊന്നുമില്ലാതെ വളമാക്കി മാറ്റുന്ന പദ്ധതിയാണിത്. കണ്ടങ്കുളം ജൂബിലി ഹാളിൽ നിർമിച്ച പദ്ധതിയിൽ ആറ് ബോക്സുകളാണ് തയാറാക്കിയത്. ഇവയിൽ ആറ് ഇഞ്ച് കനത്തിൽ കരിയിലകൾ പാകി അതിനു മുകളിൽ ബാക്ടീരിയ പൗഡർ വിതറിയ ശേഷം ആറ് ഇഞ്ച് കനത്തിൽ ജൈവമാലിന്യങ്ങളും നിറയ്ക്കും.

തുടർന്ന് വീണ്ടും ഇതേ അളവിൽ കരിയില പാകുകയും ബാക്ടീരിയ പൗഡർ ഇട്ട് ജൈവമാലിന്യങ്ങൾ നിറച്ചു മൂടിവയ്ക്കുകയും ചെയ്യും. ഇങ്ങനെ ബോക്സ് നിറയുന്നതുവരെ അടുക്കുകളായി ഇവ വയ്ക്കുക. 30 ദിവസത്തിനു ശേഷം ഇവ നല്ല വളമായി മാറിയിരിക്കും. സാധാരണ ഇത്തരം വളം നിർമാണത്തിനിടയിലുണ്ടാകുന്ന മനംമടുപ്പിക്കുന്ന ഗന്ധം ഉണ്ടാകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ചെലവ് താരതമ്യേന കുറവുമാണ്.