കോഴിക്കോട്:വയനാട്ടിലേക്കുള്ള പക്രംതളം ചുരം മേഖലയിലെ സർക്കാർ വനഭൂമിയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതായി പരാതി. ലോഡ് കണക്കിന് മാലിന്യമാണ് വനഭൂമിയിൽ തള്ളിയത്. കച്ചവട സ്ഥാപനങ്ങളിൽ നിന്നും മറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കിൽ കെട്ടിയും അല്ലാതെയുമാണ് ചുരത്തിലെ വനഭൂമിയിൽ തള്ളിയത്. പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടിയത് പരിസ്ഥിതിക്ക് ഭീഷണിയായിട്ടുണ്ട്. മരങ്ങൾ നശിക്കാനും ഇതു ഇടയാക്കും . വർഷകാലത്ത് മാലിന്യങ്ങൾ ഒഴുകി തൊട്ടടുത്ത പുഴയിലാണ് എത്തുന്നത്.
പത്താം വളവു മുതൽ വയനാട് അതിർത്തിയിൽപെട്ട വാളാംതോട് വരെ വനഭൂമിയിൽ മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. പക്രംതളം മഖാമിനടുത്തുള്ള വനസംരക്ഷണ ഓഫിസിനടുത്തുവരെ മാലിന്യം തള്ളിയിട്ടുണ്ട്. ഇവിടെ ജീവനക്കാർ എത്താത്തതും വനം വകുപ്പ് നടപടി സ്വീകരിക്കാത്തതുമാണ് മാലിന്യം തള്ളാൻ പ്രധാന കാരണം. മാലിന്യം തള്ളുന്നതിനെതിരെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ പോലും വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.