സീബ്രാ ലൈനുകളിൽ ശക്തമായ നിരീക്ഷണവും കർശനനടപടികളുമായി പൊലീസ്



കോഴിക്കോട്:ടൗണിൽ ഡിവൈഡറുകൾ വയ്ക്കാൻ വ്യാപാരികൾ സമ്മതിക്കാത്തതും അനധികൃത പാർക്കിങ്ങും റോഡിൽ അടുത്തടുത്തുള്ള യു ടേണുകളുമാണ് കുന്നമംഗലത്തെ അപകടങ്ങൾക്കു കാരണമെന്ന് ട്രാഫിക് പൊലീസ്. സീബ്രാ വരയിലൂടെ റോഡ് കുറുകെ കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ചു സിഡബ്ല്യുഡിആർഡിഎം പ്രിൻസിപ്പൽ സയന്റിസ്റ്റ് മരിച്ച സംഭവത്തെത്തുടർന്ന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് പൊലീസിന്റെ നീക്കം.

നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി ക്യാമറകൾ കൂടുതലായി ഉപയോഗപ്പെടുത്തും. ഇനിയും ക്യാമറകൾ വേണമെങ്കിൽ അത് സ്ഥാപിക്കുന്നതിനെപ്പറ്റിയും ആലോചിക്കും. നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. 2008ൽ ഇവിടെ ഡിവൈഡറുകൾ സ്ഥാപിച്ചെങ്കിലും ഒരുമാസം കൊണ്ട് ഇത് നശിപ്പിക്കപ്പെട്ട സംഭവവും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും ട്രാഫിക് പൊലീസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. നാഷനൽ ഹൈവേ, പൊതുമരാമത്ത് വകുപ്പ്, കോർപറേഷൻ, പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ അത്യാവശ്യമാണെന്ന് പൊലീസ് പറയുന്നു.

കൂടാതെ ഡ്രൈവർമാർക്കിടയിൽ നിരന്തരം ബോധവൽക്കരണ ക്ലാസ് നടത്തുകയും വേണം. ഇതിന് മോട്ടോർ വാഹനവകുപ്പ് മുന്നിട്ടിറങ്ങണം. കാൽനടയാത്രക്കാർക്കുള്ള ബോധവൽക്കരണം നഴ്സറി ക്ലാസ് മുതൽ ആരംഭിച്ചെങ്കിൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാനാവൂ. വിദ്യാഭ്യാസ വകുപ്പും മാധ്യമങ്ങളും ഇക്കാര്യത്തിൽ പൊലീസിനെ സഹായിക്കണമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
അപകടമരണം (ഒരു വർഷത്തിൽ)
  • ലോകത്ത്– 13.5 ലക്ഷം ആളുകൾ മരിക്കുന്നു 
  • ഇന്ത്യയിൽ–1.5 ലക്ഷം വരെ ∙കേരളത്തിൽ– 4000 മുതൽ 4500 വരെ 
  • കോഴിക്കോട് സിറ്റിയിൽ– 146 (2016ലെ കണക്ക്) (2017ൽ 10 മാസം കൊണ്ടു തന്നെ സിറ്റിയിൽ 146 അപകടമരണങ്ങൾ ഉണ്ടായി) ∙
ഗതാഗത സംസ്കാരം മാറണം.


  • ജപ്പാനിൽ 12 കോടിയോളം വാഹനങ്ങളാണ് നിരത്തിൽ ഓടുന്നത്. അവിടെ ഒരു വർഷം അപകടത്തിൽ മരിക്കുന്നത് 10,000 ആളുകളാണ്. ഇന്ത്യയിൽ 10 കോടി വാഹനങ്ങളുണ്ട്. ഇവിടുത്തെ അപകടമരണം 1.5 ലക്ഷമാണ്. ഇതിന് ട്രാഫിക് പൊലീസ് ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ പലതാണ്.


  • വൺവേ റോഡുകളുടെ കുറവ്. അപകടങ്ങൾ കൂടുതലും കൂട്ടിയിടികളാണ്. വൺവേ റോഡുകളുടെ എണ്ണം വർധിപ്പിച്ചാൽ ഇത് കുറയ്ക്കാവുന്നതേയുള്ളു. കോഴിക്കോട് നഗരത്തിൽ തന്നെ അരയിടത്തുപാലം മുതൽ മെഡിക്കൽ കോളജു വരെയുള്ള റോഡിൽ അപകടങ്ങൾ കുറയുന്നതിനു കാരണം ഇതാണ്. തൊണ്ടയാട് ബൈപാസിലെ അപകടങ്ങൾ മാത്രമാണ് ഇതിന് അപവാദം. തൊണ്ടയാട് ജംക്​ഷൻ അപകടമേഖലയായി പ്രഖ്യാപിച്ച് ഇവിടെ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുക കൂടി ചെയ്താൽ ഈ പ്രശ്നവും പരിഹരിക്കാവുന്നതേയുള്ളു.


  • അപകടത്തിൽ മരിക്കുന്നവരിൽ 50 ശതമാനവും കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണ്. ഈ രണ്ടു വിഭാഗങ്ങളെ വലിയ വണ്ടിയുടെ ഡ്രൈവർമാർ പരിഗണിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ∙കാൽനടയാത്രക്കാർക്ക് ബോധവൽക്കരണം അത്യാവശ്യം. എങ്ങനെ റോഡ് ക്രോസ് ചെയ്യണം എന്നതിനെപ്പറ്റി നഴ്സറി ക്ലാസ് മുതൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകണം.‍


  • ആവശ്യത്തിന് അടയാള ബോർഡുകൾ ഇല്ലാത്തത് അപകടങ്ങൾ വർധിക്കാൻ ഒരു കാരണമാണ്. സീബ്രാ ക്രോസിന് 100 മീറ്ററോ 50 മീറ്ററോ മുൻപ് അത് സൂചിപ്പിക്കുന്ന ബോർഡുകൾ അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ഡ്രൈവർക്ക് വണ്ടിയുടെ വേഗം കുറയ്ക്കാൻ കഴിയുകയുള്ളു.

വയനാട്ടിൽനിന്നോ മലപ്പുറത്തുനിന്നോ വരുന്ന ഒരു ഡ്രൈവർക്ക് കോഴിക്കോട് നഗരത്തിൽ എവിടെയൊക്കെ സീബ്രാ വരകൾ ഉണ്ട് എന്ന കാര്യം നിശ്ചയമാകണമെന്നില്ല. പെട്ടെന്ന് ചവിട്ടിയാൽ വണ്ടി നിൽക്കണമെന്നില്ല. ഈ ബോർഡുകൾ വയ്ക്കേണ്ടത് കോർപറേഷൻ, നാഷനൽ ഹൈവേ, പ‍ഞ്ചായത്ത്, പിഡബ്ല്യുഡി തുടങ്ങിയ അതോറിറ്റികളാണ്. ചവിട്ടുദൂരം.

∙ബ്രേക്ക് ചവിട്ടിയാൽ ഉടൻ വണ്ടി നിൽക്കും എന്ന ധാരണ കാൽനടയാത്രക്കാർ ഉപേക്ഷിക്കണം. സ്വന്തം ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം റോഡിലൂടെ ഓടുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അവനവന്റെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം അവനവനു തന്നെയാണെന്ന് ഓരോരുത്തരും മനസിലാക്കണം.

60 കി.മീ വേഗത്തിൽ പോകുന്ന ഒരു വാഹനം ബ്രേക്ക് ചവിട്ടിക്കഴിഞ്ഞാൽ 26 മുതൽ 30 മീറ്റർ ദൂരം കഴിഞ്ഞേ നിൽക്കൂ. വാഹനം 30 കി.മീ വേഗത്തിലാണെങ്കിൽ ഈ ദൂരം 12 മുതൽ 16 വരെ മീറ്റർ വരും. ഇതിനെ ബ്രേക്കിങ് ഡിസ്റ്റൻസ് അഥവാ, വണ്ടിയുടെ ചവിട്ട്ദൂരം എന്നു പറയും. ഇതു മനസിലാക്കി വേണം റോഡ് കുറുകെ കടക്കാൻ.

∙കാലാവസ്ഥ ഈ വർഷം മഴ കൂടുതലായതാണ് അപകടങ്ങളും അപകടമരണങ്ങളും കൂടാൻ കാരണമെന്ന് പൊലീസ് പറയുന്നു. ചെറിയ മഴയുള്ള ദിവസങ്ങളിൽ അപകടസാധ്യത കൂടുതലാണെന്ന കാര്യം വാഹനം ഓടിക്കുന്നവർ പ്രത്യേകം അറിഞ്ഞിരിക്കണം. വാവ് ദിവസങ്ങളിലും അപകടസാധ്യത കൂടുതലാണെങ്കിലും ഇതിന് ശാസ്ത്രീയ അടിത്തറയൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ∙വാഹനങ്ങൾ നമ്മുടെ കെ.എസ്ആർടിസി ബസുകളിൽ ഭൂരിഭാഗവും നല്ല കണ്ടീഷനിൽ ഉള്ളവയല്ല. അവ ബ്രേക്ക് ചവിട്ടിയാൽത്തന്നെ നിൽക്കണമെന്നില്ല. വണ്ടികൾ കൃത്യമായ സമയത്ത് അറ്റകുറ്റപ്പണി നടത്തിമാത്രമേ നിരത്തിൽ ഇറക്കാവൂ.

∙ഡ്രൈവർമാർക്ക് കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണ ക്ലാസ് നടത്തണം. അവർ കുറ്റം ചെയ്യുന്നില്ലെങ്കിൽ കൂടി അത് അനിവാര്യമാണ്. ∙പല ഭാഗങ്ങളിലേക്കും മൂന്ന് മിനിട്ട് ഇടവിട്ടാണ് ബസുകൾക്ക് ട്രിപ്പ് അനുവദിച്ചിരിക്കുന്നത്. ഒരു മിനിട്ടിൽ ഒരു കിലോമീറ്റർ ഓടിയാൽ മാത്രമേ അവർക്ക് ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്താൻ കഴിയൂ. ഈ ഓട്ടസമയം ദീർഘിപ്പിച്ചാൽ ബസുകളുടെ മരണപ്പാച്ചിൽ കുറയ്ക്കാനാവും. ഇത് ചെയ്യേണ്ടത് റോഡ് ട്രാൻസ്പോർട്ട് ഓഫിസറാണ്. വാഹന ഉടമകളും ഇതിനോട് സഹകരിക്കണം.

∙ബസ് ഡ്രൈവറുടെ ഇരിപ്പിടം കുറച്ചുകൂടി താഴ്ത്തി അവരെ പ്രത്യേക കംപാർട്മെന്റിനുള്ളിൽ ആക്കണം. ഇരിപ്പിടം ഉയർന്നാകുമ്പോൾ, അപകടം സംഭവിച്ചാലും തങ്ങൾക്ക് ഒന്നും പറ്റില്ല എന്നൊരു വിശ്വാസമുണ്ട് പല ഡ്രൈവർമാർക്കും. പകരം അപകടം ഉണ്ടായാൽ തങ്ങൾക്കും പരുക്കുപറ്റും എന്ന ബോധം ഉണ്ടാവണം. ഇരിപ്പിടം പ്രത്യേക കംപാർട്മെന്റിൽ ആക്കുന്നതോടെ യാത്രക്കാരിൽനിന്നുള്ള സ്വാധീനവും ഇല്ലാതാവും.

∙ചെറുവാഹനങ്ങളുടെ കാര്യത്തിൽ കുറച്ചുകൂടെ ഉറപ്പുള്ള വണ്ടികൾ ആണെങ്കിൽ മരണനിരക്ക് കുറയും. അതുപോലെ അപകടചികിൽസാ രംഗത്ത് കുറച്ചുകൂടി വേഗത്തിലുള്ള സമീപനമുണ്ടാവുകയും വേണം. വാഹനാപകടം ഉണ്ടായാൽ അയാൾ മരിച്ചു എന്നതാണ് നമ്മുടെ നാട്ടിലെ രീതി. പകരം അയാളെ വേഗം ആശുപത്രിയിലെത്തിച്ച് വിദഗ്ധചികിൽസ നൽകാനുള്ള മെച്ചപ്പെട്ട സംവിധാനങ്ങൾ ഉണ്ടാവണം.

കുറ്റക്കാർക്ക് തക്കതായ ശിക്ഷ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിന്റെ പേരിൽ ഒരു ദിവസം ഒരു ലക്ഷം രൂപയോളമാണ് കോഴിക്കോട് സിറ്റിയിൽ ട്രാഫിക് പൊലീസ് പിഴ ഇനത്തിൽ പിരിച്ചെടുക്കുന്നത്. കേരളത്തിലെ പല നഗരങ്ങളിലും ഇത് സമാനമാണ്. എന്നാൽ, അപകടമുണ്ടാക്കിയ കേസുകൾ കൃത്യമായ രീതിയിൽ നടത്താനും തെറ്റു ചെയ്തവർക്ക് ശിക്ഷവാങ്ങിക്കൊടുക്കാനും പൊലീസിന് കഴിയുന്നില്ല.

സാക്ഷി പറയാൻ ആളെ കിട്ടാത്തതാണ് ഇതിനു കാരണമായി പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. മാതൃകാപാത എലത്തൂർ മുതൽ പാവങ്ങാട് വരെ 5 കി.മീ റോഡ് മാതൃക റോഡാക്കാൻ ട്രാഫിക്ക് പൊലീസിൽ ആലോചന. ഈ വഴിയെ അപകടരഹിതമാക്കുന്നതിനെപ്പറ്റി ചർച്ചകൾ നടക്കുകയാണ്. റോഡിന്റെ വശങ്ങളിലെ അനധികൃത ബോർഡുകൾ നീക്കിയും സൂചനാ ബോർഡുകൾ സ്ഥാപിച്ചും നാട്ടുകാരുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാണ് തീരുമാനം.!