കുറ്റ്യാടി –മട്ടന്നൂർ നാലുവരിപ്പാത: സാധ്യതാ പഠനം ഉടൻ

കുറ്റ്യാടി –മട്ടന്നൂർ നാലുവരിപ്പാത: സാധ്യതാ പഠനം ഉടൻ



കോഴിക്കോട്:കുറ്റ്യാടി-കണ്ണൂർ വിമാനത്താവള റോഡ് വികസനത്തിനുള്ള സാധ്യതാ പഠനം ഉടൻ തുടങ്ങും. കുറ്റ്യാടി –മട്ടന്നൂർ നാലുവരിപ്പാത വരുന്നതോടെ ഇടുങ്ങിയ അങ്ങാടികളേറെയുള്ള നാദാപുരം– കുറ്റ്യാടി റോഡിന്റെയും നാദാപുരം –പെരിങ്ങത്തൂർ റോഡിന്റെയും മുഖം മാറും. 25 മീറ്റർ വീതിയുള്ള റോഡാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഒട്ടേറെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടി വരും. പല കെട്ടിടങ്ങളും കാലപ്പഴക്കമുള്ളതും നിലംപൊത്താറായതുമാണെന്നാണു പ്രാഥമിക കണ്ടെത്തൽ.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനാണ് (കിഫ്ബി) റോഡ് നിർമാണത്തിന്റെ ചുമതല. സാധ്യതാ പഠനം ഉൾപ്പെടെയുള്ളവ അവരാണു നടത്തുക. റോഡ് വികസനം പൂർത്തിയാകുന്നതോടെ വടകരയിൽനിന്നു വയനാട്ടിലേക്കും കർണാടകയിലേക്കുമുള്ള യാത്രയും ഏറെ എളുപ്പമാകും. ഡിസംബർ 31ന് അകം റോഡ് നിർമാണം സംബന്ധിച്ച പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഉടമകൾക്ക് നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കുകയാണ് ലക്ഷ്യം.