പതിവായി സര്‍വീസ് നടത്തിയിരുന്ന ലക്ഷദ്വീപ് കപ്പല്‍ സര്‍വീസുകൾ മുടങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു


കോഴിക്കോട്: പതിവായി സര്‍വീസ് നടത്തിയിരുന്ന മൂന്ന് അതിവേഗ യാത്രക്കപ്പലുകള്‍ മുടങ്ങിയത് ലക്ഷദ്വീപില്‍നിന്ന് ബേപ്പൂരിലേക്കുവരുന്ന യാത്രക്കാരെ വലയ്ക്കുന്നു. ആറു കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എം.വി. മിനിക്കോയ് എന്ന കപ്പല്‍ മാത്രമേയുള്ളൂ. അതിവേഗ കപ്പലുകളായ എച്ച്.എസ്.സി. പറളി, എച്ച്.എസ്.സി. വലിയപാനി, എച്ച്.എസ്.സി. ചെറിയപാനി എന്നീ കപ്പലുകളുടെ സര്‍വീസ് മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതലാണ് ഇവ സര്‍വീസ് നടത്താത്തത്. ലക്ഷദ്വീപില്‍നിന്ന് മലബാറിലേക്ക് എത്തിക്കൊണ്ടിരുന്ന രോഗികളും വിദ്യാര്‍ഥികളും വന്‍കരയിലുള്ളവരുടെ ബന്ധുക്കളും ഇതുകാരണം നട്ടംതിരിയുകയാണെന്ന്.ബേപ്പൂര്‍ തുറമുഖവുമായി ഏറ്റവുമടുത്തു കിടക്കുന്ന ആന്ത്രോത്ത് ദ്വീപിലേക്കാണ് ബേപ്പൂര്‍ തുറമുഖംവഴി കപ്പലില്‍ കൂടുതല്‍ യാത്രക്കാര്‍ പോവുന്നതും വരുന്നതും. ദ്വീപുകളിലേക്ക് ടിക്കറ്റെടുത്ത് കപ്പലില്‍ക്കയറുന്ന യാത്രക്കാര്‍ ആന്ത്രോത്തിലെത്തിയാല്‍ തുടര്‍യാത്രക്ക് സമയത്തിന് അതിവേഗ കപ്പലുകള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. രോഗബാധിതരാകുന്ന ദ്വീപുകാര്‍ക്ക് പെട്ടെന്ന് വന്‍കരയെ ആശ്രയിക്കാന്‍പറ്റാത്ത സ്ഥിതിയാണ്. ദ്വീപുകളിലാണെങ്കില്‍ ആധുനിക ചികിത്സാസൗകര്യങ്ങള്‍ പരിമിതമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പത്തു കിടക്ക ദ്വീപ്ജനതയ്ക്കായി മാറ്റിവെച്ചിട്ടുണ്ടെങ്കിലും രോഗം ബാധിച്ചാല്‍ കപ്പല്‍ കിട്ടാത്തതുകാരണം വന്‍കരയിലെത്തിപ്പെടാന്‍ പറ്റുന്നില്ല. ചികിത്സാച്ചെലവ് കൊച്ചിയേക്കാളും കുറവ് കോഴിക്കോട്ടാണ്. ഭക്ഷണകാര്യത്തിലാകട്ടെ ദ്വീപുകാര്‍ ഇഷ്ടപ്പെടുന്നത് കോഴിക്കോടന്‍ രുചിയാണ്. കൊച്ചിയില്‍ കപ്പലിറങ്ങി സാധാരണക്കാരായ ദ്വീപുകാര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ചെലവ് കൂടുതലാണ്. ബേപ്പൂരില്‍ കപ്പലിറങ്ങിയാല്‍ നന്നേ കുറഞ്ഞചെലവില്‍ ബേപ്പൂരിലെയും കോഴിക്കോട്ടെയും ലോഡ്ജുകളില്‍ താമസിക്കാം. ദ്വീപുകാരുടെ സൗകര്യാര്‍ഥം കോടികള്‍ മുടക്കി കോഴിക്കോട്ട് പണിത ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് എട്ടുമാസമായി പൂട്ടിക്കിടക്കുകയാണ്. മാസങ്ങളോളം പ്രവര്‍ത്തിച്ച ഈ ഗസ്റ്റ് ഹൗസ് പരിസരമലിനീകരണം മൂലമാണ് അടയ്‌ക്കേണ്ടിവന്നത്. ഇതിനു പരിഹാരമുണ്ടാക്കി ഗസ്റ്റ്ഹൗസ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ദ്വീപുകാരുടെ പാര്‍പ്പിടപ്രശ്‌നം പരിഹരിക്കപ്പെടും. മുന്‍കാലങ്ങളില്‍ ബേപ്പൂരില്‍നിന്ന് കപ്പലില്‍ ആന്ത്രോത്ത് ദ്വീപില്‍ എത്തുന്ന യാത്രക്കാരെ പിറ്റേദിവസം അതിവേഗ കപ്പലുകളില്‍ മറ്റു ദ്വീപുകളിലേക്ക് കൊണ്ടുപോകല്‍ പതിവായിരുന്നെങ്കിലും ഇപ്പോള്‍ അതും നിര്‍ത്തിവെച്ചിരിക്കുകയാണ്.