സീറോ വേസ്റ്റ് മാലിന്യമുക്ത പദ്ധതി: യന്ത്രങ്ങൾ എത്തിക്കാൻ ധാരണാപത്രം കൈമാറികോഴിക്കോട്: ജില്ലയിലെ മാലിന്യമുക്ത (സീറോ വേസ്റ്റ്) പദ്ധതി നടത്തിപ്പിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കുന്നതിനു ക്ലീൻ കേരള കമ്പനി, ബ്ലോക്ക് വികസന ഓഫിസർമാർക്ക് ധാരണാപത്രം കൈമാറി. 12 ബ്ലോക്കുകളിലായി ആരംഭിക്കുന്ന സംസ്കരണ കേന്ദ്രങ്ങളിലേക്കാവശ്യമായ ഷ്രെഡിങ് യന്ത്രം, ബെയിലിങ് യന്ത്രം, ബ്ലേഡ് ഗ്രൈൻഡേഴ്സ്, തൂക്കയന്ത്രം എന്നിവയാണ് ക്ലീൻ കേരള കമ്പനി ലിമിറ്റഡ് നൽകുക.

കലക്ടർ യു.വി. ജോസ്, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ കബീർ ബി. ഹാറൂൺ എന്നിവർ ചേർന്ന് ധാരണാപത്രം ബ്ലോക്ക് വികസന ഓഫിസർമാർക്കു കൈമാറി. 9.92 ലക്ഷം രൂപയാണ് ഓരോ ബ്ലോക്കിലെയും യന്ത്രങ്ങൾക്കായി ചെലവാക്കുക. ഒരു മാസത്തിനുള്ളിൽ യന്ത്രങ്ങൾ അതത് കേന്ദ്രങ്ങളിൽ എത്തിക്കും. ഇവ സ്ഥാപിക്കാനായി ഓരോ കേന്ദ്രങ്ങളിലും ത്രീ ഫേസ് വൈദ്യുതി കണക‌്ഷനും മറ്റു സജ്ജീകരണങ്ങളും ഒരുക്കും.

ബ്ലോക്ക് കേന്ദ്രങ്ങളിലെ സേവനദാതാക്കൾക്ക് ക്ലീൻ കേരള കമ്പനി അധികൃതർ യന്ത്രം ഉപയോഗിക്കാനുള്ള പരിശീലനം നൽകും. ഒരു വർഷത്തിനുള്ളിൽ യന്ത്രങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകൾ സൗജന്യമായി പരിഹരിച്ചു നൽകുമെന്ന് ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ അറിയിച്ചു. സംസ്കരണ കേന്ദ്രങ്ങളിൽ നിന്നു അതത് ബ്ലോക്കുകളിലെ റോഡ് നവീകരണത്തിനായി പ്ലാസ്റ്റിക് ശേഖരിക്കും. മിച്ചമുള്ളവ കിലോയ്ക്ക് 15 രൂപ നിരക്കിൽ ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കും. 15 എച്ച്പി യന്ത്രങ്ങളാണ് സംസ്കരണ കേന്ദ്രങ്ങളിൽ സ്ഥാപിക്കുക. ശുചിത്വ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ സി. കബനി, ബ്ലോക്ക് വികസന ഓഫിസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.