ഗെയിൽ പൈപ്പ് ലൈൻ: സർക്കാർപറമ്പിൽ സർവേ നടപടി പൂർത്തിയായികോഴിക്കോട്:കാരശ്ശേരി പഞ്ചായത്തിലെ സർക്കാർപറമ്പിൽ ഗെയിൽ സർവേ നടപടികൾ പൂർത്തീകരിച്ചു. നേരത്തേ ആരംഭിച്ചിരുന്ന സ‍ർവേ, മന്ത്രി എ.സി. മൊയ്തീന്റെയും കലക്ടർ യു.വി. ജോസിന്റെയും നേതൃത്വത്തിൽ നടത്തിയ സർവകക്ഷി യോഗ തീരുമാന പ്രകാരമാണ് പുതിയ സർവേ നടപടികൾ പൂർത്തീകരിച്ചത്. അലൈൻമെന്റ്ൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കൂടുതൽ നഷ്ടം ഒഴിവാക്കാനാവുമെന്ന സർവകക്ഷി യോഗ തീരുമാന പ്രകാരമായിരുന്നു സർവേ. കൂടുതൽ ജനവാസ മേഖലകൾ ഉൾപ്പെടുന്ന പ്രദേശമാണ് സർക്കാർപറമ്പ് മേഖല. കലക്ടർ യു.വി. ജോസിന്റെ നേതൃത്വത്തിൽ നേരത്തേ സർക്കാർ പറമ്പ് മേഖലകളിൽ സന്ദർശിച്ചിരുന്നു.

ഒരേ സർവേ നമ്പറിൽപ്പെട്ട സ്ഥലങ്ങളിൽ പദ്ധതിക്ക് ആവശ്യമായ 20 മീറ്റർ എന്നത് വീടുകളും മത സ്ഥാപനങ്ങളും കിണറുകളും സംരക്ഷിക്കുന്നതിനായി അഞ്ച് മീറ്റർ മാത്രമാണ് സർവേ നടത്തി ഏറ്റെടുക്കുന്നത്. കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ പദ്ധതി പ്രദേശത്തും കാരശ്ശേരി പഞ്ചായത്തിലെ സർക്കാർപറമ്പ് ഒഴികെയുളള സ്ഥലങ്ങളിലും നേരത്തേ സർവേ നടപടികൾ പൂർത്തീകരിച്ച് പൈപ്പ് സ്ഥാപിക്കൽ നടപടികൾ പൂർത്തീകരിച്ചു വരികയാണ്. മുക്കം നഗരസഭയിലും സർവേ നടപടികൾ പൂർത്തീകരിച്ചിരിക്കയാണ്. എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ക്ലാസുകളുടെ അടിസ്ഥാനത്തിൽ വീടുകൾ കയറിയുള്ള ബോധവൽക്കരണവും ഗെയിൽ വിഷയത്തിൽ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നടത്തിയിരുന്നു.