ഇന്ന് ബേപ്പൂര്‍ തുറമുഖത്തടുക്കുന്ന എം.വി.മിനിക്കോയ് |
ബേപ്പൂര്‍: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി തീര്‍ത്തശേഷം ലക്ഷദ്വീപ് യാത്രാക്കപ്പല്‍ എം.വി. മിനിക്കോയ് തിങ്കളാഴ്ച ബേപ്പൂര്‍ തുറമുഖത്തെത്തും. ബേപ്പൂര്‍-ലക്ഷദ്വീപ് റൂട്ടില്‍ സ്ഥിരംസര്‍വീസ് നടത്തുന്ന കപ്പലിന്റെ ദിശാനിയന്ത്രണ സംവിധാനം ഓഖി ചുഴലിക്കാറ്റില്‍ തകരാറിലാവുകയും ദ്വീപിലേക്ക് യാത്ര തുടരാന്‍ കഴിയാതെ ബേപ്പൂര്‍തുറമുഖത്ത് കുടുങ്ങുകയുമായിരുന്നു. ഇന്ത്യന്‍ ഷിപ്പിങ് രജിസ്ട്രാറിന്റെ നിര്‍ദേശപ്രകാരം സര്‍വേനടത്തി അറ്റകുറ്റപ്പണി തീര്‍ത്ത കപ്പല്‍ 120 യാത്രക്കാരുമായാണ് ദ്വീപില്‍നിന്ന് ബേപ്പൂര്‍ തുറമുഖത്തെത്തുന്നത്. 'എം.വി. മിനിക്കോയ്' കപ്പലിന്റെ കപ്പിത്താന്‍ പദവിയില്‍നിന്ന് 2015-ല്‍ ഒഴിഞ്ഞ കോഴിക്കോട് സ്വദേസി മാസ്റ്റര്‍ മറൈനര്‍ കെ.കെ. ഹരിദാസ് കപ്പലിന്റെ പുതിയ കപ്പിത്താനായി വീണ്ടും ചുമതലയേറ്റു. കേരള സര്‍ക്കാര്‍, ബേപ്പൂര്‍ പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് നല്‍കിയതോടെ ഹരിദാസ് വീണ്ടും കപ്പിത്താന്‍ ജീവിതത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുമായി എം.വി. മിനിക്കോയ് ചൊവ്വാഴ്ച ബേപ്പൂര്‍ തുറമുഖം വിടും.