കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത: ടെൻഡർ നടപടികളിൽ നിന്നും ULCCS പുറത്തായി




കോഴിക്കോട്:കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത ടെൻഡർ നടപടികളിലെ ടെക്നിക്കൽ ഇവാലുവേഷൻ റിസൾട്ട് പബ്ലിഷ് ചെയ്തപ്പോൾ  ULCCS  പുറത്താക്കപ്പെട്ടു.ഇപ്പോൾ അവശേഷിക്കുന്ന ലിസ്റ്റിൽ ഹൈദരാബാദ് ആസ്ഥാനമായ Nagarjuna Construction Company Ltd.,KMC Constructions Ltd.,KNR Constructions Ltd.എന്നീ കമ്പനികളാണുള്ളത്. ടെൻഡറിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള എക കമ്പനി യുഎൽസിസിഎസ് ആയിരുന്നു. യുഎൽസിസിഎസും മുബൈ ആസ്ഥാനമായ ITD Cementation India Limited ഉം കൂടിയോജിച്ചായിരുന്നു ടെൻഡറിൽ പങ്കെടുത്തിരുന്നത്. എന്നാൽ സാമ്പത്തിക യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് ഡിസ്കോളിഫൈ ചെയ്യുകയായിരുന്നു. 7 ദിവസത്തിനുള്ളിൽ കാരണം കാണിക്കൽ നൽകിയാൽ സ്വീകരിക്കണമോ പുറത്താകണോയെന്ന് തീരുമാനിക്കുമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ULCCS നോടൊപ്പം പുറത്താക്കപ്പെട്ട ലിസ്റ്റിൽ മുബൈ ആസ്ഥാനമായ JMC Projects (India) Ltd. എന്ന കമ്പനിയുമുണ്ട്.

എന്.എച്ച്.എ.ഐ.യുടെ കേരളത്തിലെ ആദ്യത്തെ ആറുവരി ബൈപ്പാസ് പ്രോജക്ടാണ് കോഴിക്കോട് ബൈപ്പാസ്. മൊത്തം 28.4 കിലോമീറ്ററാണ് ആറുവരി ബൈപ്പാസ് വരുന്നത്. 28.4 കിലോമീറ്റര്‍ ദൂരത്തിന് 1424.774 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിന് 50.31 കോടി രൂപ. കിലോമീറ്ററിന് മതിപ്പുവില നോക്കുമ്പോള്‍ ഏറ്റവും ചെലവേറിയ ദേശീയപാതകളില്‍ ഒന്നായി ഇത് മാറും. പാത കടന്നുപോകുന്ന പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് ഏഴ് മേല്‍പ്പാലങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍പാര്‍ക്ക്-പാലാഴി, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് മേല്‍പ്പാലങ്ങള്‍ വരുന്നത്. ദേശീയപാത അടിയിലൂടെ കടന്നുപോകുന്ന വിധത്തില്‍ മലാപ്പറമ്പ്, വേങ്ങേരി എന്നിവിടങ്ങളില്‍ രണ്ട് മുകള്‍പാതകളും അംഗീകരിച്ചിട്ടുണ്ട്. ക്രോസ് റോഡുകള്‍ കടന്നുപോകാനായി അമ്പലപ്പടി, മൊകവൂര്‍, കൂടത്തുമ്പാറ, വയല്‍ക്കര എന്നിവിടങ്ങളിലായി നാല് അടിപ്പാതകളും ഉണ്ട്. കൊടല്‍നടക്കാവ് മേല്‍നടപ്പാതയും ഇതിന്റെ ഭാഗമായ് വരും. ഇത്രയും നിര്‍മാണങ്ങള്‍കൂടി ഉള്‍പ്പെടെയാണ് വലിയ ചെലവ് കണക്കാക്കുന്നത്. ദേശീയപാത വികസനപദ്ധതിയുടെ മൂന്നാംഘട്ടമെന്ന നിലയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് പദ്ധതി നടപ്പാക്കുക.