കൊയിലാണ്ടി താലൂക്കാശു​പത്രിക്കെട്ടിടം ഏപ്രിലില്‍ തുറക്കുമെന്ന് മന്ത്രി




  • ആശു​പത്രിയുടെ സമഗ്രവികസനത്തിന് പത്തുകോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍


കോഴിക്കോട്:കൊയിലാണ്ടി താലൂക്കാസ്​പത്രിക്കായി പുതുതായി നിര്‍മിച്ച കെട്ടിടം ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സി.പി.എം. ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി വ്യാഴാഴ്ച ആസ്​പത്രി സന്ദര്‍ശിച്ചു. കെ. ദാസന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്താതെ പുതിയ കെട്ടിടം തുറന്നുകൊടുത്തതുകൊണ്ട് കാര്യമില്ല. ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ തന്നെ രോഗികളുടെ പ്രയാസം തീരും. ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജീകരിക്കാന്‍ സമയമെടുക്കും. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വാര്‍ഡുകള്‍ ഏപ്രിലില്‍ തുറന്നുകൊടുക്കും. പുതിയ കെട്ടിടത്തില്‍ റാംപ് സൗകര്യം ആയിട്ടില്ല. കുട്ടികളുടെ പഴയ വാര്‍ഡിന്റെ ഒരുഭാഗം പൊളിച്ചുനീക്കിയാലെ റാംപ് നിര്‍മിക്കാനാവുകയുള്ളൂ. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ആസ്​പത്രിവികസനത്തിന് പത്തുകോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് കിഫ്ബിക്ക് സമര്‍പ്പിച്ച് അംഗീകാരം വാങ്ങും. സംസ്ഥാനത്തെ താലൂക്കാസ്​പത്രികളുടെ നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന 18 ആസ്​പത്രികളില്‍ കൊയിലാണ്ടി താലൂക്കാസ്​പത്രിയും ഉള്‍പ്പെടും. ഇവിടെ ഡയാലിസിസ് സെന്‍ര്‍, കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി, ട്രോമാകെയര്‍ യൂണിറ്റ് എന്നിവ അനുവദിച്ചിട്ടുണ്ട്. 24 മണിക്കൂറും ട്രോമെകെയര്‍ യൂണിറ്റിന്റെ സേവനം ഉറപ്പാക്കും. കൊയിലാണ്ടി താലൂക്കാസ്​പത്രിയെ ജില്ലാ ആസ്​പത്രിയായി ഉയര്‍ത്തുന്നതിനുപകരം താലൂക്കാസ്​പത്രിയായി നിലനിര്‍ത്തുന്നതാണ് പ്രയോജനംചെയ്യുക. ജില്ലയില്‍ ഒരൊറ്റ ആസ്​പത്രിക്കേ ജില്ലാ ആസ്​പത്രി പദവിക്ക് അര്‍ഹതയുള്ളൂ. തസ്തികകളും സൗകര്യങ്ങളും ഏര്‍പ്പെടുത്താതെ ജില്ലാ പദവി നല്‍കിയതുകൊണ്ടുമാത്രം പ്രയോജനം ലഭിക്കില്ലെന്ന് മന്ത്രി പറഞ്ഞു. താലൂക്കാസ്​പത്രിയില്‍ നിലവില്‍ 159 കിടക്കകളാണ് ഉള്ളത്. ഇത് 200 ആയി വര്‍ധിപ്പിക്കും. അതിനനുസരിച്ച് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കും. മൊത്തം 23 ഡോക്ടര്‍മാര്‍ ഇവിടെയുണ്ട്. എന്നാല്‍ പ്രതിദിനം രണ്ടായിരത്തിനുമേല്‍ രോഗികളെത്തുന്ന ഈ ആസ്​പത്രിയില്‍ ഇനിയും ഡോക്ടര്‍മാരും ജീവനക്കാരും ആവശ്യമാണ്. വൈകുന്നേരങ്ങളില്‍ കാഷ്വാലിറ്റിയിലെ തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ വേണം. നിലവില്‍ അഞ്ച് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും അവധിയെടുക്കുന്നതിനാല്‍ പലപ്പോഴും ഡോക്ടര്‍മാര്‍ ഇല്ലാത്ത അവസ്ഥയുണ്ട്. അനാവശ്യമായി ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നത് കര്‍ശനമായി തടയണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തുടര്‍ച്ചയായ അവധിയെടുത്താല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. കൊയിലാണ്ടി ഹോമിയോ ആസ്​പത്രിയില്‍ സ്‌കാനിങ് യന്ത്രം പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.