കടകളിലെ മോഷണശ്രമം: അന്വേഷണം ആരംഭിച്ചു



കോഴിക്കോട്: വാഹന പരിശോധനയും പട്രോളിങ്ങുമായി പൊലീസ് പരക്കം പായുന്ന പുതുവൽസര രാവിൽ‍ കോർപറേഷൻ സ്റ്റേഡിയം ബിൽഡിങ്ങിലെ കടകളിലുണ്ടായ മോഷണ ശ്രമം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
മോഷ്ടാക്കളെ സംബന്ധിച്ചു തുമ്പൊന്നും ലഭിക്കാത്തതിനാൽ സമഗ്ര അന്വേഷണത്തിനൊരുങ്ങുകയാണു പൊലീസ്.

കെ.പി. കേശവമേനോൻ ഹാളിന് എതിർവശത്തുള്ള സ്റ്റേഡിയം ബിൽഡിങ്ങിലെ കടകളിലാണ് പൂട്ടുപൊട്ടിച്ചുള്ള മോഷണ ശ്രമമുണ്ടായത്. മൻ‌സിൽ പർദ, മലബാർ പ്രിന്റ്, ആതിര ബുക്സ് ഗോഡൗൺ, നാച്ചുറോപ്പതി ക്ലിനിക്, കോപ്പി പോയിന്റ്, നമ്പ്യാർ ആൻ‍ഡ് കമ്പനി ടാക്സ് കൺസൾട്ടന്റ്സ്, വൈഫൈ കംപ്യൂട്ടേഴ്സ് എന്നിവിടങ്ങളിലായിരുന്നു ഇത്. എതിർവശത്തെ സ്റ്റേഡിയം മസ്ജിദിന്റെ ഗേറ്റിന്റെ പൂട്ടുപൊളിക്കാനും ശ്രമമുണ്ടായിരുന്നു.


മൂന്നു മാസം മുൻപ് സ്റ്റേഡിയം ബിൽഡിങ്ങിൽ മോഷണം നടന്നിരുന്നു. രണ്ടാം നിലയിലേക്കുള്ള വഴിയിലെ ഗ്രിൽ അകറ്റിയാണു മോഷ്ടാക്കൾ എത്തിയത്. മൻസിൽ പർദ ഷോപ്പിന്റെ രണ്ടു പൂട്ടുകൾ പൊളിച്ചിട്ടുണ്ട്. മേശകൾ കുത്തിത്തുറന്നു രേഖകൾ വാരിവലിച്ചിട്ടു. കത്രിക ഉപയോഗിച്ചാണു മേശവലിപ്പുകൾ കുത്തിത്തുറന്നിരിക്കുന്നത്.

ഇവിടെ തന്നെ പാതിയിലേറെ ഉപയോഗിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു. കൂടാതെ കാരശേരിയിൽ നിന്നു കോഴിക്കോട്ടേക്ക് രാത്രി 7.20ന് എടുത്ത കെഎസ്ആർടിസി ബസിന്റെ ടിക്കറ്റും ഫോൺ നമ്പരുകളടങ്ങിയ കടലാസും ലഭിച്ചിട്ടുണ്ട്.


ഈ ഫോൺ നമ്പരുകളെ ചുറ്റി അന്വേഷണം മുന്നോട്ടു നീക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ്. മലബാർ‍ പ്രിന്റ് എന്ന കട കുത്തിത്തുറന്ന ശേഷം തൊട്ടടുത്ത നാച്ചുറോപ്പതി ക്ലിനിക്കിലേക്കും കടന്നു. ഇവിടെ സൂക്ഷിച്ചിരുന്ന കീബോർഡ് കേടുവരുത്തിയ നിലയിലാണ്.  


ആതിര ബുക്സിന്റെ ഗോഡൗണിലേക്കുള്ള ഷട്ടർ തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൂട്ടുതകർത്തിട്ടുണ്ട്.
ആരുടെയും കണ്ണിൽപ്പെടാതെ ഏറെ സമയം ചെലവഴിച്ചാണു മോഷ്ടാക്കൾ മടങ്ങിയത്. ന്യൂഇയറിന്റെ ലഹരിയിൽ ഇറങ്ങിയവരാണോ മോഷ്ടാക്കൾ എന്നും പൊലീസ് സംശയിക്കുന്നു.