കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വാസ്‌കുലര്‍ സര്‍ജറി വിഭാഗം തുടങ്ങി



സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വാസ്‌കുലര്‍ സര്‍ജറി വിഭാഗം ആരംഭിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ വാസ്‌കുലര്‍ സര്‍ജറി വിഭാഗവും ഒ.പി. വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വാസ്‌കുലര്‍ സര്‍ജറി വിഭാഗം ആരംഭിക്കുന്നത്. ഹൃദയമൊഴികെ ശരീരത്തിലെ രക്തധമനികളെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കുമുളള ശസ്ത്രക്രിയയും ചികിത്സകളുമാണ് ഇവിടെയുള്ളത്. സ്വകാര്യമേഖലയില്‍ ലക്ഷങ്ങളുടെ ചെലവില്‍ നടക്കുന്ന ചികിത്സ ഇനിമുതല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് വളരെ കുറഞ്ഞ ചെലവിലും ഈ ചികിത്സ ഉറപ്പാക്കുമെന്ന് ആസ്​പത്രി അധികൃതര്‍ അറിയിച്ചു. പ്രമേഹം, പുകവലി എന്നിവമൂലം കാലിലെയും കൈയിലെയും രക്തക്കുഴലുകളില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുന്ന ബൈപ്പാസ് ശസ്ത്രക്രിയകള്‍, രക്തധമനികളുടെ ക്രമാതീതമായ വികാസം തടയുന്നതിനുള്ള അനൂറിസം ശസ്ത്രക്രിയ, തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്ന കരോട്ടിഡ് എന്റാര്‍ട്ടിറെക്ടമി ശസ്ത്രക്രിയ എന്നീ നൂതന ചികിത്സകളെല്ലാം ഇനി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ലഭ്യമാകുമെന്ന് വാസ്‌കുലര്‍ സര്‍ജന്‍ ഡോ. എസ്. ചന്ദ്രഖേരന്‍ പറഞ്ഞു. ഡയാലിസിസ് രോഗികള്‍ക്ക് വേണ്ടിവരുന്ന ഷണ്‍ട് ശസ്ത്രക്രിയകളും വെരിക്കോസ് രോഗികള്‍ക്കുള്ള താക്കോല്‍ദ്വാര ഓപ്പറേഷനുകളും ഈ യൂണിറ്റില്‍ ചെയ്യും. ഇതിനായുള്ള താക്കോല്‍ദ്വാര ഓപ്പറേഷന്‍ മെഷീന്‍ രണ്ട് മാസത്തിനുള്ളില്‍ ആസ്​പത്രിയില്‍ സജ്ജീകരിക്കും. എല്ലാ തിങ്കളാഴ്ചയും രാവിലെ ഒമ്പതു മുതല്‍ 12 വരെ ആസ്​പത്രി കെട്ടിടത്തിലെ 64-ാം നമ്പര്‍ മുറിയിലായിരിക്കും ഒ.പി. പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി.ആര്‍. രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആസ്​പത്രി സൂപ്രണ്ട് ഡോ. സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.വി. സോമന്‍, സര്‍ജറി മേധാവി ഡോ. ഇ.വി. ഗോപി, ആര്‍.എം.ഒ. ശ്രീജിത്ത്, വാസ്‌കുലര്‍ സര്‍ജന്‍ ഡോ. എസ്. ചന്ദ്രഖേരന്‍ എന്നിവര്‍ സംസാരിച്ചു.