സീറോ വേസ്റ്റ് പദ്ധതി: ഭൂമി വിട്ടു നൽകാൻ ഉത്തരവ്
കോഴിക്കോട്: വിവിധ വകുപ്പുകളുടെ കീഴിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ആവശ്യത്തിലേക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് താൽക്കാലികമായി വിട്ടു നൽകാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഉത്തരവിട്ടു. മാലിന്യ സംഭരണ കേന്ദ്രം ഒരുക്കുന്നതിലേക്കായി 10 സെന്റ് ഭൂമി അനുവദിക്കാനാണ് ദുരന്ത നിവാരണ നിയമ പ്രകാരമുളള ഉത്തരവ്.

അതത് വകുപ്പുകളുടെ ജില്ലാ ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവർ ചേർന്ന് സ്ഥലം കണ്ടെത്തേണ്ടതും ഒരു മാസത്തിനകം കൈമാറേണ്ടതുമാണ്. നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. പൊതുമരാമത്ത്, റവന്യു, പട്ടികജാതി, ആരോഗ്യം, റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ, ജലസേചന വകുപ്പുകൾക്കാണ് നിർദേശം നൽകിയത്.

കക്കോടി, ചേളന്നൂർ, ഉണ്ണികുളം, നരിക്കുനി, മടവൂർ, ചെങ്ങോട്ടുകാവ്, തിക്കോടി, തുറയൂർ, ചെക്യാട്, ഓമശ്ശേരി, പെരുവയൽ, തിരുവളളൂർ, കായണ്ണ, കുന്നമംഗലം, കടലുണ്ടി, ഉള്ളിയേരി, നന്മണ്ട , കാക്കൂർ, നടുവണ്ണൂർ, തൂണേരി പഞ്ചായത്തുകൾക്കും, മുക്കം, രാമനാട്ടുകര മുനിസിപ്പാലിറ്റികൾക്കുമാണ് സ്ഥലം വിട്ടുനൽകേണ്ടത്. മാലിന്യ സംസ്കരണത്തിലെ അപര്യാപ്ത്ത ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നതിന് വഴി ഒരുക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഡെങ്കിപ്പനി, എച്ച് 1 എൻ1, മലേറിയ, കോളറ, ഹെപ്പറ്റൈറ്റിസ് ബി, പകർച്ചപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയും മരണങ്ങൾക്ക്് കാരണമാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാലിന്യ നിർമാർജനത്തിന്റെ കാര്യത്തിൽ ജില്ലാ ഭരണകൂടം ശക്തമായ ഇടപെടലിന് മുതിരുന്നത്.


സീറോവേസ്റ്റ് കോഴിക്കോട് പദ്ധതി പ്രകാരം ജനുവരി ഒന്നു മുതൽ മാലിന്യ ശേഖരണം തുടങ്ങാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ മാലിന്യം സൂക്ഷിക്കുന്നതിന് പര്യാപ്തമായ സ്ഥലമോ കെട്ടിടമോ കൈവശമില്ലെന്ന കാരണത്താൽ പല തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിന് തയാറായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് പുതിയ നടപടി. വിവിധ വകുപ്പുകളുടെ കൈവശമുളള, വർഷങ്ങളായി ഉപയോഗിക്കപ്പെടാതെ കിടക്കുന്നതും അടുത്തൊന്നും മറ്റാവശ്യങ്ങൾക്ക് നീക്കി വച്ചിട്ടില്ലാത്തതുമായ ഭൂമിയാണ് തദ്ദേശസ്ഥാപനങ്ങൾക്ക്  താൽക്കാലികമായി നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം അതത് വകുപ്പിന് തന്നെയായിരിക്കും.

ദീർഘകാലാടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾ അനുയോജ്യമായ മറ്റു സ്ഥലം കണ്ടെത്തി മാലിന്യ ശേഖരണ സൗകര്യം ഒരുക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. മാലിന്യം ശേഖരണം ഫെബ്രുവരി 15ന് മുൻപ് തുടങ്ങണമെന്ന് കലക്ടർ മറ്റൊരു ഉത്തരവിലൂടെ തദ്ദേശ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരുന്നു..