മാനാഞ്ചിറ സ്‌ക്വയര്‍ മുഖം മിനുക്കുന്നു




കോഴിക്കോട്: കോര്‍പറേഷനും ഡിടിപിസിയും ചേര്‍ന്ന് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരിക്കാനൊരുങ്ങുന്നു. ഇതിനായി 2.85 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കുന്നത്. അടല്‍ മിഷന്‍ ഫോര്‍ റിജുവിനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ കീഴിലാണ് നവീകരണം.

ഹരിതവത്കരണത്തിന്റെ ഭാഗമായി എഎംആര്‍യു 85 ലക്ഷം രൂപ നല്‍കും. 1.7 കോടി രൂപ ഡിടിപിസിയും 30 ലക്ഷം രൂപ നഗരസഭയും കണ്ടെത്തണം. കളക്ടറും നഗരസഭാ അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മതിലുകളും ഗേറ്റുകളും നന്നാക്കുക, സ്‌ക്വയറിന്റെ കിഴക്ക് വശം പുതിയ പ്രവേശന കവാടം നിര്‍മിക്കുക, ഈ ഭാഗത്ത് ടോയ്ലറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക.

കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കും. തകര്‍ന്നു കിടക്കുന്ന പ്രതിമകള്‍ നന്നാക്കും. പുതിയ ലൈറ്റുകള്‍ സ്ഥാപിച്ച് മാനാഞ്ചിറയുടെ രാത്രി കാഴ്ച മനോഹരമാക്കാനും പദ്ധതിയുണ്ട്. ഇടയ്ക്കിടെ പരിപാടികള്‍ നടത്തുന്നതിനാല്‍ മൈതാനത്ത് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിക്കും. പുല്ല് വച്ചുപിടിപ്പിക്കുകയും ലാന്‍ഡ്‌സ്‌കേപ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്യും. നൂറുകണക്കിന് ആളുകള്‍ ദിവസവും വരുന്ന പാര്‍ക്കിലെ അസൗകര്യങ്ങള്‍ക്കെതിരേ കുറച്ച് കാലം മുൻപ് വലിയതോതില്‍ പ്രതിഷേധം ഉയർന്നിരുന്നു.