കോഴിക്കോട്: ബജറ്റില്‍ കോഴിക്കോടിനായി പ്രഖ്യാപിച്ച മൊബിലിറ്റിഹബ്ബ് നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമാവുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നു. നഗരത്തിരക്കിലേക്ക് പ്രവേശിക്കാതെ ബൈപ്പാസില്‍നിന്ന് ദീര്‍ഘദൂരയാത്രയ്ക്ക് വിവിധ ഗതാഗതമാര്‍ഗങ്ങള്‍ ഒരുകേന്ദ്രത്തില്‍ ഒരുക്കുകയെന്നതാണ് മൊബിലിറ്റി ഹബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത്. നഗരത്തില്‍നിന്ന് നാനാഭാഗത്തേക്കുമുള്ള യാത്രയ്ക്ക് ട്രാന്‍സിറ്റ് ടെര്‍മിനലായി ഹബ്ബ് മാറും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ. സമര്‍പ്പിച്ച കണ്‍സപ്റ്റ് രേഖ അംഗീകരിച്ചുകൊണ്ടാണ് ബജറ്റില്‍ ഇത് പ്രഖ്യാപിച്ചത്. അതേസമയം, പദ്ധതിക്ക് തുകയൊന്നും വകകൊള്ളിച്ചിട്ടില്ലാത്തതിനാല്‍ ഇത് എപ്പോള്‍ യാഥാര്‍ഥ്യമാവുമെന്ന് വ്യക്തമല്ല. തൊണ്ടയാട്-മലാപ്പറമ്പ് ജങ്ഷനുകള്‍ക്കിടയില്‍ ബൈപ്പാസില്‍ 21 ഏക്കര്‍ ഭൂമിയാണ് ഹബ്ബിനായി കണ്ടെത്തിയത്. ഇത് പബ്ലിക്, പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പില്‍ (പി.പി.പി.) നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യവ്യക്തികളുടെ കൈവശമാണ് ഭൂമിയുള്ളത്. റോഡ്, ജലഗതാഗതം, ട്രെയിന്‍ എന്നീ യാത്രാസൗകര്യങ്ങള്‍ ഒരുകേന്ദ്രത്തില്‍ സജ്ജമാക്കി യാത്രക്കാര്‍ക്ക് ഇഷ്ടമുള്ളിടത്ത് പോവാന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. 80 കോടി രൂപയാണ് ഹബ്ബിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഹബ്ബിനോട് ചേര്‍ന്ന് പാറോപ്പടി തടാകം പദ്ധതിയും കോട്ടൂളി തണ്ണീര്‍തടവും ഉള്‍പ്പെടുത്തി വിനോദസഞ്ചാരസൗകര്യവും ഉദ്ദേശിക്കുന്നുണ്ട്. ഹബില്‍ കമേഴ്‌സ്യല്‍ കോംപ്ലക്‌സ്, കാര്‍പാര്‍ക്കിങ് ടെര്‍മിനല്‍, ബോട്ട് സ്റ്റേഷന്‍, ആര്‍ട്ട്ഗാലറി, എക്‌സിബിഷനുകള്‍ക്കുള്ള കേന്ദ്രം, റൂഫ് ടോപ് ഹെലിപ്പാഡ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക് തുടങ്ങിയ സൗകര്യവും ഉണ്ടാവും. കനോലിക്കനാല്‍ വികസിപ്പിച്ചുവേണം ഇവിടെ ജലഗതാഗതസൗകര്യം ഒരുക്കാന്‍. പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് ആയാല്‍ തുക നീക്കിവെക്കുമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. വെള്ളയില്‍ ഹാര്‍ബറിന് 22 കോടി നബാര്‍ഡ് സഹായം വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിന്റെ അവശേഷിക്കുന്ന നിര്‍മാണജോലി പൂര്‍ത്തിയാക്കാന്‍ നബാര്‍ഡ് വഴി 22 കോടി രൂപ ലഭ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബീച്ച് ആസ്പത്രിയുടെ അടിസ്ഥാനസൗകര്യവികസനത്തിനായി ബജറ്റില്‍ തുക വകകൊള്ളിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശമേഖലയ്ക്കായി നീക്കിവെച്ച തുക ജില്ലയിലെ തീരദേശമേഖലയിലെ സ്‌കൂളുകളുടെ വികസനത്തിന് പ്രയോജനപ്പെടും.