കുടുംബശ്രി തീർഥജലം വൻഹിറ്റ്



കോഴിക്കോട്:കുറഞ്ഞ ചെലവിൽ ശുദ്ധീകരിച്ച കുടിവെള്ളം നൽകുന്ന തീർഥം പദ്ധതി വൻ ഹിറ്റിലേക്ക്. കോർപറേഷൻ കുടുംബശ്രീ നടത്തുന്ന പദ്ധതിയിൽ 20 ലീറ്റർ ശുദ്ധീകരിച്ച കുടിവെള്ളം 20 രൂപയ്ക്കാണ് നൽകുന്നത്. ആവശ്യക്കാർക്കു മുഴുവൻ ശുദ്ധജലം എത്തിക്കാനാകാത്ത അവസ്ഥയിലാണ് ഇപ്പോൾ കുടുംബശ്രീ പ്രവർത്തകർ. കോഴിക്കോട് കോർപറേഷൻ കുടുംബശ്രീയുടെ സെൻട്രൽ സിഡിഎസിനു കീഴിലുള്ള സിറ്റി വാട്ടർ ഗ്രൂപ്പാണ് ആറ് മാസം മുൻപ് നഗരപരിധിയിൽ പദ്ധതി ആരംഭിച്ചത്.

പഴയ കോർപറേഷൻ ഓഫിസ് വളപ്പിൽ ആരംഭിച്ച പ്ലാന്റിൽ നിന്നാണ് ഇപ്പോൾ ‘തീർഥം’ വിതരണം ചെയ്യുന്നത്. 20 ലീറ്ററിന്റെ 350 കാനുകളാണ് നിത്യേന വിതരണം ചെയ്യുന്നത്. 700 കാനുകളുടെ ആവശ്യക്കാർ ഇപ്പോൾ തീർഥത്തിനുണ്ട്. സ്വകാര്യ കമ്പനികൾ വിതരണം ചെയ്യുന്ന ശുദ്ധീകരിച്ച കുടിവെള്ളത്തിന് 20 ലീറ്ററിനു 50 രൂപ മുതൽ 60 രൂപ വരെയാണ് വില. സ്വകാര്യ കമ്പനികളുടെ ഈ അമിത വിലയാണ് തീർഥത്തിന് ആവശ്യക്കാരേറാൻ കാരണം. 20 ലീറ്റർ കൊള്ളുന്ന ഗുണമേൻമയുള്ള പ്ലാസ്റ്റിക് കാനുകളുടെയും അവയ്ക്കു താഴെയുള്ള ടാപ് ഫിറ്റു ചെയ്ത ചെറിയ കാനിന്റെയും ദൗർലഭ്യമാണ് ‘തീർഥം’ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നത്.

ബെംഗളൂരുവിൽ നിന്നു കൂടുതൽ കാനുകൾ ഓർഡർ ചെയ്തിട്ടുണ്ട്. അവ ലഭ്യമാകുന്നതോടെ മാർച്ച് ഒന്നു മുതൽ നിത്യേന 600 കാനുകൾ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ പ്രവർത്തകർ. ഇപ്പോൾ ബേപ്പൂർ ഭാഗത്തേക്കും എലത്തൂർ ഭാഗത്തേക്കുമായി രണ്ട് ഓട്ടോകളിലാണ് വിതരണം നടക്കുന്നത്. കൂടുതലായി വീടുകളിലും ഫ്ലാറ്റുകളിലുമാണ് വിതരണം. ‘തീർഥ’ത്തിനു ലഭിച്ച വൻ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ എലത്തൂരിൽ പുതിയ പ്ലാന്റ് നിർമാണം തുടങ്ങിയിട്ടുണ്ട്.

ഒരു മാസത്തിനകം ഇവിടെ നിന്നു ‘തീർഥം’ ഉത്പാദനം തുടങ്ങാനാകുമെന്നും ഇതിനു പുറമെ മാങ്കാവിലും പുതിയ പ്ലാന്റ് നിർമാണത്തിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും കോർപറേഷൻ കുടുംബശ്രീ മെംബർ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ പറഞ്ഞു. പുതിയ പ്ലാന്റുകൾ നിലവിൽ വരുന്നതോടെ കച്ചവട സ്ഥാപനങ്ങൾക്കുള്ള തീർഥം വിതരണവും വ്യാപകമാക്കാനാണ് സംഘാടകർ ആലോചിക്കുന്നത്. കച്ചവട സ്ഥാപനങ്ങൾക്കു നൽകുന്ന ശുദ്ധജല കാനുകൾക്ക് ഒന്നിനു അഞ്ച് രൂപ സർവീസ് ചാർജ് ഈടാക്കാനും പദ്ധതിയുണ്ട്.

തീർഥം പദ്ധതിയുടെ വിജയകഥയെക്കുറിച്ച് കേട്ട് സംസ്ഥാനത്തെ മറ്റ് കോർപറേഷനുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നുമുള്ള കുടുംബശ്രീ പ്രവർത്തകർ ‘തീർഥം’ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പഠിക്കാൻ കോഴിക്കോട്ടു വരുന്നത് പതിവായിട്ടുണ്ട്. പദ്ധതി വിപുലീകരിക്കുന്നു നൂതന പദ്ധതികൾ ആവിഷ്കരിച്ചു വിജയിപ്പിക്കുന്ന കുടുംബശ്രീകൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന ഇന്നോവേഷൻ ഫണ്ട് കഴിഞ്ഞ ദിവസം തീർഥം പദ്ധതിക്കു ലഭിച്ചിട്ടുണ്ട്. ഇതു പ്രകാരം ലഭിച്ച മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് പദ്ധതി വിപുലീകരിച്ച് കൂടുതൽ പേർക്ക് ‘തീർഥം’ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ പ്രവർത്തകർ.