ആപ്പ് ഇൻകുബേറ്ററിൽ മികച്ച സാങ്കേതിക വിദ്യകൾ ലഭ്യമാക്കും: രാജൻ ആനന്ദൻ


കോഴിക്കോട്:സൈബർ പാർക്കിലെ മൊബൈൽ ആപ്ലിക്കേഷൻ ഇൻകുബേറ്ററിൽ ആഗോളരംഗത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ലഭ്യമാക്കുമെന്ന് ഐമായ് ചെയർമാനും ഗൂഗിൾ ഇന്ത്യ എംഡിയും ദക്ഷിണ പൂർവേഷ്യ വൈസ്പ്രസിഡന്റുമായ രാജൻ ആനന്ദൻ. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും (ഐമായ്) കേരള സ്റ്റാർട്ടപ് മിഷനും ചേർന്നു സ്ഥാപിച്ച മൊബൈൽ 10x (ടെൻ എക്സ്) ആപ് ഇൻകുബേഷൻ ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശീയരുടെ ജീവിതത്തിൽ പ്രസക്തമാകുന്ന ഉൽപന്നങ്ങളും സേവനങ്ങളും കേന്ദ്രത്തിൽ വികസിപ്പിക്കാനാണു ശ്രമം. 2020ൽ രാജ്യത്ത് 65 കോടി ആളുകൾ സ്മാർട്ട് ഫോണിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കുമെന്നാണു കണക്ക്. അപ്പോൾ അത്രയും പേരുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റാനുള്ള ആപ്പുകൾ വികസിപ്പിക്കാനാകും.

ഇതു വലിയ സാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിന്ന് അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ള ആപ്പുകൾ ടെൻഡറില്ലാതെ വാങ്ങാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ സന്ദേശത്തിൽ അറിയിച്ചു. കാലതാമസം ഒഴിവാക്കാനും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ ഉപയോഗത്തെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. ഐമായ് ഈ പഠനം നടത്തണമെന്ന് ചടങ്ങിൽ പങ്കെടുത്ത ഐമായ് പ്രസിഡന്റ് ഡോ. സുഭോ റേയോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു. ഐമായ് സ്റ്റാർട്ടപ് ഫൗണ്ടേഷൻ സിഇഒ ജിതേന്ദർ സിങ് മിനാസും സൈബർപാർക്ക് സിഇഒ ഋഷികേശ് നായരും ധാരണാ പത്രത്തിൽ ഒപ്പു വച്ചു. സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പ്രസംഗിച്ചു. 

കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ നാലാമത്തേതും

കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ നാലാമത്തേതുമാണ് സൈബർ പാർക്കിലെ മൊബൈൽ ആപ് ഇൻകുബേറ്റർ. സൈബർ പാർക്കിനെ രാജ്യാന്തര നിലവാരത്തിലുള്ള മൊബൈൽ ആപ്പുകൾ വികസിപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമം. അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ 13,000 ചതുരശ്ര അടി സ്ഥലമാണ് കേന്ദ്രത്തിനു നൽകുന്നത്.

150 പേർക്ക് ഒരേസമയം പ്രവർത്തിക്കാനുള്ള സൗകര്യമൊരുക്കും. ഇൻകുബേറ്ററിൽ ഇടം തേടി 50 അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ ഒന്നിന് പ്രവർത്തനം തുടങ്ങും. മൊബൈൽ ആപ്ലിക്കേഷൻ രംഗത്തെ സംരംഭകർക്ക് ഒട്ടേറെ അവസരങ്ങളാണ് കേന്ദ്രത്തിൽ ഒരുങ്ങുന്നത്.  ഗൂഗിൾ, ഫെയ്സ്ബുക് തുടങ്ങിയ വമ്പൻ കമ്പനികളിലെ വിദഗ്ധരുടെ പരിശീലനം ലഭ്യമാക്കാനാണു ശ്രമം. നിക്ഷേപകരെ കണ്ടെത്താനും ഉൽപന്നം വിപണിയിലെത്തിക്കാനും പ്രവർത്തനം വിപുലപ്പെടുത്താനും സ്റ്റാർട്ടപ്പുകൾക്ക് സഹായം ലഭ്യമാക്കുകയും ചെയ്യും.

ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും കേരള സ്റ്റാർട്ടപ് മിഷനും ചേർന്ന് കോഴിക്കോട് സൈബർ പാർക്കിൽ ആരംഭിച്ച മൊബൈൽ ഇൻക്യുബേഷൻ ഹബ് ഐമായ് ചെയർമാനും ഗൂഗിൾ ഇന്ത്യ എംഡിയുമായ രാജൻ ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു. സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, ഐമായ് സ്റ്റാർട്ടപ് ഫൗണ്ടേഷൻ സിഇഒ ജിതേന്ദർ സിങ് മിനാസ്, സംസ്ഥാന ഐടി, ഇലക്ട്രോണിക്സ് സെക്രട്ടറി എം. ശിവശങ്കർ, സൈബർ പാർക്ക് സിഇഒ ഋഷികേശ് നായർ എന്നിവർ സമീപം