ട്രോമാ കെയർ കോഴിക്കോടിൻ 20 വയസ്സ്:വൊളന്റിയർമാരുടെ എണ്ണം അര ലക്ഷംകോഴിക്കോട്: അപകടത്തിൽപ്പെടുന്നവരെ സഹായിക്കാനും ഉടനെ ആശുപത്രിയിലെത്തിക്കാനുമായി വിരലിലെണ്ണാവുന്നവർ മാത്രമുണ്ടായിരുന്ന നഗരത്തിൽ ട്രോമാ കെയർ വൊളന്റിയർമാരുടെ എണ്ണം അര ലക്ഷത്തിലേക്ക്. 1998 ഏപ്രിൽ ഒന്നിനാണ് ട്രോമാ കെയർ കോഴിക്കോട് (ട്രാക്ക്) പിറവിയെടുത്തത്. അപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ ചെന്നാൽ കേസിൽ സാക്ഷിപറയേണ്ടി വരുമോ, കോടതി കയറി ഇറങ്ങേണ്ടി വരുമോ തുടങ്ങിയ ആശങ്കകൾ ഉള്ളവർ ഏറെയായിരുന്നു.

എന്നാൽ അപകടത്തിൽപ്പെട്ടവരെ സഹായിക്കാനായി സന്നദ്ധ വൊളന്റിയർ സേനയ്ക്ക് രൂപം നൽകണമെന്ന ചിലരുടെ ഉറച്ച തീരുമാനമാണ് ട്രോമാകെയർ കോഴിക്കോടിനു രൂപം നൽകിയത്. പിറവിയെടുത്തത് വിഡ്ഢിദിനത്തിലായതിനാൽ അത് ഏറെ കാലം മുന്നോട്ടു പോകുമോ എന്ന ആശങ്ക ചിലർ പങ്കുവച്ചെങ്കിലും അതെല്ലാം അസ്ഥാനത്താക്കിയായിരുന്നു പ്രവർത്തനം.തുടങ്ങിയതു മുതൽ മുടങ്ങാതെ എല്ലാ ഞായറാഴ്ചയും പൊലീസ് ക്ലബിൽ വൊളന്റിയർ സേനയ്ക്കു പരിശീലനം നൽകുന്നു.

ഏപ്രിൽ ഒന്നിനു 20 വർഷത്തിലേക്കെത്തുമ്പോൾ വൊളന്റിയർമാരുടെ എണ്ണം അരലക്ഷമാകുന്നു. 893 ക്ലാസുകൾ ഇതുവരെ നടന്നു. പൊലീസ്, റവന്യു, മോട്ടോർ വാഹന വകുപ്പ്, ഐഎംഎ, മെഡിക്കൽ കോളജ്, റോട്ടറി, ലയൺസ് ക്ലബുകൾ, മറ്റു സാമൂഹിക സന്നദ്ധ സംഘടനകൾ, മലബാർ ചേംബർ, ഓട്ടോ–ടാക്സി ഡ്രൈവർമാർ തുടങ്ങിയവരുടെ കൂട്ടായ്മയാണ് ട്രോമാകെയർ പ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്നത്.


പൊലീസ് ക്ലബിൽ നടക്കുന്ന ട്രോമാകെയർ പരിശീലനത്തിൽ ആർക്കും പങ്കെടുക്കാം. ഗതാഗത നിയമങ്ങൾ, പ്രഥമ ശുശ്രൂഷ, നേതൃത്വ പരിശീലനം എന്നിവയാണ് പരിശീലന ക്ലാസിലെ മുഖ്യ വിഷയങ്ങൾ. ഇതിനോട് അനുബന്ധമായ വിഷയങ്ങളിലും വിദഗ്ധർ അടങ്ങിയ ടീം പരിശീലനം നൽ‌കിവരുന്നു. പൂക്കിപറമ്പ് ബസ് അപകടം, കടലുണ്ടി ട്രെയിൻ അപകടം, മിഠായിത്തെരുവ് തീപിടിത്തം തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് ട്രോമാകെയർ വൊളന്റിയർമാരുടെ  സാന്നിധ്യമുണ്ടായിരുന്നു.


ട്രോമാകെയർ വൊളന്റിയർമാരുടെ എണ്ണം അരലക്ഷമാകുന്നതിന്റെ ആഘോഷം ഏപ്രിൽ ആദ്യവാരം നടത്താൻ എം.കെ. രാഘവൻ‌ എംപി ചെയർമാനും റിട്ട. എസ്പി സി.എം. പ്രദിപ് കുമാർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവൽകരിച്ചു. യോഗം എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.  ട്രോമാ കെയർ കോഴിക്കോട് പ്രസിഡന്റ് ആർ. ജയന്ത് കുമാർ അധ്യക്ഷത വഹിച്ചു. ഡിടിസി ഡോ. പി.എം. മുഹമ്മദ് നജീബ്, ആർടിഒ സി.ജെ. പോൾസൺ, കൗൺസിലർ തോമസ് മാത്യു, സി.എം. പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു